സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്ക് നല്കാന് ചെലവ് 68 ലക്ഷം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ നടപടിയുമായി സര്‍ക്കാര്‍. ദൃശ്യങ്ങള്‍ സെര്‍വറില്‍നിന്ന് പകര്‍ത്തി നല്‍കുന്നതിനുള്ള ചെലവിലേക്ക് 68 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായി. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെ വാങ്ങാനാണ് അനുമതി. ഹാര്‍ഡ് ഡിസ്ക്കും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ ടെന്‍ഡര്‍ വിളിക്കാനും തീരുമാനിച്ചു. 2019 ജൂലെ ഒന്നു മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് തീരുമാനം. സെക്രട്ടേറിയറ്റിലെ 83 സി.സി.ടി.വി കാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവര്‍ സെക്രട്ടേറിയറ്റിലെത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടത്. ഇതു മുഴുവനായി പകര്‍ത്തി നല്കാന് നടപടി തുടങ്ങിയെങ്കിലും വലിയ സംഭരണശേഷിയുള്ള ഹാര്ഡ്ഡിസ്ക് കിട്ടാത്തത് തടസമായി.
ഹാര്ഡ്ഡിസ്ക് വിദേശത്തുനിന്ന് വാങ്ങാന്‍ പിന്നീട് ആലോചന നടന്നെങ്കിലും ഉപേക്ഷിച്ചു. അതിനുശേഷമാണ് ഇപ്പോള്‍ ഹാര്ഡ്ഡിസ്ക് വാങ്ങാന്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക് വിഭാഗമാണ് ടെന്‍ഡര്‍ വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."