വാട്ടര്‍ കിയോസ്‌ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു
മലപ്പുറം: ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ കിയോസ്‌ക്കുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിനു അനുമതിയായ 450 കിയോസ്‌കുകളില്‍ 140 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി. 70 കിയോസ്‌ക്കുകള്‍ കുടിവെള്ള വിതരണത്തിന് സജ്ജമാണ്. 70 എണ്ണം മെയ് പത്തിനകം കുടിവെള്ള വിതരണം നടത്തുന്നതിന് സജ്ജമാക്കും. ബാക്കിവരുന്ന കിയോസ്‌കുകള്‍ക്ക് രണ്ടുദിവസത്തിനകം നിര്‍മാണാനുമതി നല്‍കും.
ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഒരു കോടി രൂപ അടിയന്തരമായി അനുവദിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
വാട്ടര്‍ കിയോസ്‌ക്കുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിനും താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള വിതരണത്തിനുമാണ് തുക വിനിയോഗിക്കുക. എല്ലാ കിയോസ്‌കുകളിലേക്കും ടാങ്കര്‍ ലോറികളിലാണ് വെള്ളം എത്തിക്കുന്നത്. നിര്‍മിതി കേന്ദ്രയാണ് വാട്ടര്‍ കിയോസ്‌കുകളുടെ ബേസ്‌മെന്റുകള്‍ തയാറാക്കിയിരിക്കുന്നത്. 5,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കറുകള്‍ തൃശൂരിലെ പോളി ഫോം കമ്പനിയാണ് നിര്‍മിച്ചു നല്‍കുന്നത്.
താലൂക്ക് കേന്ദ്രീകരിച്ചുള്ള കുടിവെള്ള വിതരണത്തിന് തഹസില്‍ദാര്‍മാര്‍ നേതൃത്വം നല്‍കും. ഇതിനു പുറമെ ഗാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷം വരെ തനത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭകള്‍ക്ക് 15 ലക്ഷം രൂപവരെയും ചെലവഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."