പ്രളയക്കെടുതി: ഒരുലക്ഷം രൂപ പലിശരഹിത വായ്പ
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കായി കുടുംബശ്രീ വഴി പ്രത്യേക വായ്പാ പദ്ധതി ആരംഭിക്കുന്നു. ദുരന്തത്തില്‍ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്കാണ് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്നത്. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാനും ഉപജീവനത്തിനുമായി നല്‍കുന്ന വായ്പയുടെ പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അടയ്ക്കും.
വായ്പാ നടപടികള്‍ക്ക് കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയരക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്താന്‍ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെയും, കരാറിലേര്‍പ്പെടാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയരക്ടറെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്ന പദ്ധതിയിലൂടെ കുടുംബശ്രീ വഴിയാണ് വായ്പ നല്‍കുന്നത്. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ അംഗത്വമെടുക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10,000 രൂപയ്ക്ക് അര്‍ഹരായ ആളുകള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 36 മുതല്‍ 48 മാസം വരെയാണ് വായ്പാ തിരിച്ചടവിന്റെ കാലാവധി. വായ്പാ തിരിച്ചടവിന് ആറു മാസത്തെ മൊറട്ടോറിയം ബാങ്ക് ഏര്‍പ്പെടുത്തും.
ഒന്‍പതുശതമാനം പലിശയില്‍ സഹകരണ ബാങ്കുകളുമായാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. പലിശയുടെ കണക്കുകള്‍ കുടുംബശ്രീ സമര്‍പ്പിക്കുന്ന മുറയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കും. പലിശ നിരക്ക് സംബന്ധിച്ച് മറ്റു ബാങ്കുകളുമായി ഈയാഴ്ച ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."