എന്‍.ഐ.എയോട് കോടതി സ്വര്‍ണക്കടത്തില്‍ ഭീകര ബന്ധത്തിന് തെളിവ് എവിടെ?
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ ഭീകര ബന്ധത്തിന് തെളിവുകള്‍ എവിടെയെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി. 90 ദിവസം അന്വേഷിച്ചിട്ടും തെളിവു കണ്ടെത്താനായില്ലേയെന്നും പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാര്‍ എന്‍.ഐ.എയോട് ചോദിച്ചു.
എട്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. സ്വപ്ന സുരേഷിന്റേതടക്കമുള്ള പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റി. പ്രതി സന്ദീപ് നായര്‍ നല്‍കിയ രഹസ്യമൊഴി കൂടി പരിശോധിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണക്കടത്തിന് ഭീകര ബന്ധമുണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനം എന്താണെന്നും കോടതി ചോദിച്ചു.
പ്രതികള്‍ ഉയര്‍ന്ന സാമ്പത്തിക നിലയില്‍ ഉള്ളവരാണെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വര്‍ണക്കടത്തു നടത്തിയതെന്നും എന്‍.ഐ.എയ്ക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സ്വര്‍ണക്കടത്തിനു പിന്നിലുള്ളത് വന്‍ ശൃംഖലയാണ്. യു.എ.ഇയെ അവര്‍ സുരക്ഷിത താവളമായി കാണുകയാണെന്ന് എ.എസ്.ജി പറഞ്ഞു. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വര്‍ണക്കടത്ത് എന്ന അനുമാനത്തിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. കേസ് അന്വേഷണം തുടങ്ങിയിട്ട് 90 ദിവസം കഴിഞ്ഞു. ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലേ? കള്ളക്കടത്തു കേസുകള്‍ക്ക് യു.എ.പി.എ ആണോ പ്രതിവിധിയെന്നും കോടതി ചോദിച്ചു.കേസ് ഡയറി അന്വേഷണ സംഘം കോടതിയില്‍ നേരത്തെ ഹാജരാക്കിയിരുന്നു. അതു പരിശോധിച്ചതിനു ശേഷമാണ് ഇന്നലെ വീണ്ടും കോടതി തെളിവുകള്‍ ആരാഞ്ഞത്. തെളിവുകള്‍ സമര്‍പ്പിക്കാത്ത പക്ഷം ജാമ്യാപേക്ഷയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാടു സ്വീകരിക്കേണ്ടിവരുമെന്ന് നേരത്തെ കോടതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെട്ടത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് നേരത്തെയും കോടതി ചോദിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരേ യു.എ.പി.എ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് എന്‍.ഐ.എ വാദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന തരത്തില്‍ കറന്‍സി, നാണയങ്ങള്‍, മറ്റുള്ള വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് യു.എ.പി.എ വകുപ്പ് 15 പ്രകാരം കുറ്റകരമാണെന്ന് എന്‍.ഐ.എ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."