മണര്‍കാട് കസ്റ്റഡിമരണം; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
കോട്ടയം: മണര്‍കാട് പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന നവാസിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ പലഭാഗത്തും ചതവുകളും പോറലുകളും ഏറ്റിരുന്നു. ക്ഷതങ്ങള്‍ പിടിവലിയില്‍ സംഭവിച്ചതാകാമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ രണ്ട് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
നവാസിന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിലൂടെ പുറത്തു വന്നത്. ഇടുപ്പിലും മുതുകിലും ചതവുകള്‍ ഏറ്റിരുന്നു. പലയിടത്തും പോറലുകളും കണ്ടെത്തി. നവാസിനെ കസ്റ്റഡിയിലെടുക്കും മുമ്പ് വീട്ടില്‍ നാട്ടുകാരുമായി സംഘര്‍ഷം നടന്നതായി ഇന്നലെ എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. മദ്യപിച്ചെത്തിയ നവാസ് ഭാര്യയെയും അമ്മയെയും മര്‍ദിച്ചതായി ബന്ധു ജഗദമ്മയും പ്രതികരിച്ചു.
മെഡിക്കല്‍ ബോര്‍ഡ് തയാറാക്കുന്ന അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്ഷതങ്ങളെ സംബന്ധിച്ച് വ്യക്തതയുണ്ടാകും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലിസ് മേധാവിയോട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. നവാസിനെ ശ്രദ്ധിക്കുന്നതില്‍ പൊലിസുകാര്‍ക്ക് വീഴ്ചപറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ എസ് ഐ പ്രസാദ്, സിവില്‍ പൊലിസ് ഓഫിസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അരീപറമ്പില് പറപ്പള്ളിക്കുന്ന് രാജീവ് ഗാന്ധി കോളനി എടത്തറ പരേതനായ ശശിയുടെ മകന് യു. നവാസാണ് മണര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."