ബി.ജെ.പി പ്രമുഖര്‍ എല്‍.ജെ.പിയില്‍; വീണ്ടും ട്വിസ്റ്റ്
പാറ്റ്ന: ബിഹാറില്‍ എന്‍.ഡി.എ കക്ഷികള്‍ പരസ്പരം പാരവയ്ക്കുന്നെന്നും ജെ.ഡി.യുവിനെ ഒതുക്കി ഭരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്കിടെ പുതിയ വഴിത്തിരിവ്. ബി.ജെ.പിയുടെ ബിഹാറിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ട് എല്‍.ജെ.പിയില്‍ ചേര്‍ന്നു. ജെ.ഡി.യുവിനെ ഒതുക്കാന്‍ ബി.ജെ.പി എല്‍.ജെ.പിയെ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ടു ബി.ജെ.പി നേതാക്കള്‍ എല്‍.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ ഉഷ വിദ്യാര്‍ഥി, രാജേന്ദ്രസിങ് എന്നിവരാണ് എല്‍.ജെ.പിയില്‍ ചേര്‍ന്നത്. രാജേന്ദ്രസിങ് കഴിഞ്ഞ ദിവസമാണ് എല്‍.ജെ.പിയില്‍ ചേര്‍ന്നത്. ഉഷ വിദ്യാര്‍ഥി ഇന്നലെ ഡല്‍ഹിയില്‍വച്ച് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനില്നിന്ന് അംഗത്വം സ്വീകരിച്ചു. നേരത്തെ, ജെ.ഡി.യുവിനെതിരേ രംഗത്തെത്തിയിരുന്ന എല്‍.ജെ.പി, എന്‍.ഡി.എ വിടുകയും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിക്കൊപ്പമാണെന്നും പാര്‍ട്ടി വ്യക്തമാക്കിയതോടെ ജെ.ഡി.യുവിനെ അപ്രസക്തമാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്ന് ആരോപണമുയരുകയും ചെയ്തു. ഇതിനു പിന്നാലെ സീറ്റുവിഭജനം പൂര്‍ത്തിയായെന്നു പ്രഖ്യാപിച്ചും നിതീഷ്കുമാറാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വ്യക്തമാക്കിയും ബി.ജെ.പി രംഗത്തെത്തിയിരുന്നു. സീറ്റുകളുടെ എണ്ണം വിഷയമല്ലെന്നും മുഖ്യമന്ത്രി നിതീഷ് തന്നെയാണെന്നും വ്യക്തമാക്കിയ ബി.ജെ.പി നേതാക്കള്‍, എല്‍.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിഹാറില്‍ വരാനിരിക്കുന്നത് ബി.ജെ.പി-എല്‍.ജെ.പി സര്‍ക്കാരാണെന്നായിരുന്നു എല്‍.ജെ.പി നേതാക്കളുടെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."