കള്ളനോട്ട് കേസ്: നാല് തമിഴ്‌നാട് സ്വദേശികള്‍ കൂടി അറസ്റ്റില്‍
ഒരു ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും പിടിച്ചെടുത്തു
തൊടുപുഴ: കള്ളനോട്ട് കേസില്‍ നാല് തമിഴ്‌നാട് സ്വദേശികള്‍ കൂടി അറസ്റ്റില്‍. ഒരു ലക്ഷത്തിന്റെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും പിടിച്ചെടുത്തു. തമിഴ്‌നാട് കരൂര്‍ വേങ്ങമേട് ആശൈതമ്പി(33), വാങ്ങപാളയം പിള്ളയാര്‍ തെരുവില്‍ ദിനേശ് കുമരന്‍(29), കള്ളനോട്ട് വിതരണ ഏജന്റുമാരായ തേവാരം മല്ലിങ്കര്‍ കോവില്‍ തെരുവില്‍ പാര്‍ഥിപന്‍(29), തേവാരം കിഴക്കേ തെരുവില്‍ മന്‍മഥന്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം ബാലഗ്രാമില്‍ നിന്നും തമിഴ്‌നാട് തേവാരം സ്വദേശി അരുണ്‍കുമാര്‍ അറസ്റ്റിലായിരുന്നു. പരിശോധനക്കിടെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഭാസ്‌കരനെ പൊലിസ് കമ്പത്ത് നിന്നും പിടികൂടിയിരുന്നു.
ഒരു മാസം മുന്‍പാണ് ആശൈതമ്പി കള്ളനോട്ട് നിര്‍മാണം ആരംഭിച്ചത്. ഇതിനായി പ്രിന്ററും, പ്രത്യേക തരം പേപ്പര്‍, മഷി എന്നിവയും സംഘടിപ്പിച്ചു. ആശൈതമ്പിയുടെ വീട്ടിലായിരുന്ന നോട്ടടി കേന്ദ്രം. ഇയാളുടെ സഹായിയാണ് ദിനേശ്കുമാരന്‍. ഇവരുടെ സുഹൃത്തുക്കളായ പാര്‍ഥിപന്‍, മന്‍മഥന്‍ എന്നിവരെ നോട്ട് മാറാനുള്ള ഏജന്റുമാരാക്കി. കേരളത്തിലും, തമിഴ്‌നാട്ടിലും നോട്ട് മാറിയെടുക്കയായിരുന്നു ലക്ഷ്യം. ഒന്നര ലക്ഷത്തിന്റെ നോട്ട് സംഘം ഒരു മാസത്തിനിടെ നിര്‍മിച്ചു. അര ലക്ഷം രൂപ തമിഴ്‌നാട്ടിലെ ദിണ്ഡികല്ലിലും, കരൂരിലും സംഘം വിതരണം ചെയ്തു.
ഇടുക്കി ജില്ലയില്‍ വിതരണത്തിനെത്തിച്ചത് 10,000 രൂപയാണ്. ബാലഗ്രാമിലും, തൂക്കുപാലത്തും സംഘം മാറിയ നോട്ടുകളും പൊലിസ് സംഘം പിടിച്ചെടുത്തു. വിവിധ സീരിയല്‍ നമ്പരുകളിലാണ് നോട്ട് നിര്‍മിച്ചത്. പിടിയിലായ പാര്‍ഥിപന്‍ തമിഴ്‌നാട്ടിലെ തുണിമില്ലില്‍ ജീവനക്കാരനായിരുന്നു. പാര്‍ഥിപന്റെ സുഹൃത്താണ് മന്‍മഥന്‍. മന്‍മഥന്റെ സുഹൃത്തുക്കളാണ് ഭാസ്‌കരനും, അരുണ്‍കുമാറുമെന്നും പൊലിസ് പറഞ്ഞു.
ഏജന്റുമാര്‍ക്ക് മൂന്നിരട്ടി കമ്മീഷനാണ് ആശൈതമ്പി നല്‍കിയിരുന്നത്. കട്ടപ്പന ഡിവൈ.എസ്.പി പി.പി ഷംസ്, സി.ഐ റെജി എം. കുന്നിപ്പറമ്പന്‍, എസ്.ഐ കെ.എ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."