എലിപ്പനിയെ പ്രതിരോധിക്കാം
പ്രളയാനന്തരം പതുക്കെ കരുത്താര്‍ജിച്ചുവരികയാണു നമ്മുടെ കേരളം. പ്രശ്‌നങ്ങളുടെ രൂക്ഷത ഒന്നു കുറഞ്ഞെങ്കിലും വിട്ടൊഴിഞ്ഞു എന്നു പറയാന്‍ പറ്റില്ല. ശ്രദ്ധാപൂര്‍വം ജാഗരൂകരായി ഇരിക്കേണ്ട ഒരു സമയമാണിത്. അതില്‍ പരമപ്രധാനം നമ്മുടെ ആരോഗ്യം തന്നെ.
പനിയാണു നമുക്കുമുന്നിലുള്ള ഒരു പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് എലിപ്പനി കേരളത്തില്‍ പലയിടത്തും റിപ്പോര്‍ട് ചെയ്ത ഈ സാഹചര്യത്തില്‍. എലിപ്പനിയെക്കുറിച്ചു മുന്‍പ് എഴുതിയിട്ടുള്ളതാണെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എലിപ്പനി രോഗനിര്‍ണയവും ചികിത്സയും ഒന്നുകൂടെ പറയേണ്ട വിഷയമാണെന്നു തോന്നുന്നു.
എന്തുകൊണ്ട് പ്രളയവും പനികളും എലിപ്പനിയും ചേര്‍ത്തുവച്ചു പറയുന്നു എന്നു ചിലരൊക്കെ ചോദിച്ചിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിനിവര്‍ന്നു വന്ന ഒരു നാട്ടില്‍, ഈയൊരു സാഹചര്യത്തില്‍ രോഗാണുവിനു നമ്മുടെ ശരീരത്തില്‍ കടന്നുകൂടാനുള്ള സാധ്യതകള്‍ വളരെയധികമാണ് എന്നതായിരിക്കും ഉത്തരം. നിരന്തരം വെള്ളവുമായി, പ്രത്യേകിച്ച് മലിനജലവുമായുള്ള സമ്പര്‍ക്കം, ഈര്‍പ്പമുള്ള ഇടങ്ങള്‍ മുറിവുള്‍ക്കുള്ള സാധ്യതകള്‍ എന്നിവയൊക്കെയും എലിപ്പനിക്കുള്ള എന്‍ട്രി വിസകളാണ്. കാരണം അറിയണമെങ്കില്‍ എലിപ്പനി എന്താണെന്ന് ഒന്നു ഓടിച്ചുനോക്കാം.
എന്താണ് എലിപ്പനി?
മൃഗങ്ങളില്‍നിന്ന് (പ്രധാനമായും എലികളില്‍നിന്ന്) മനുഷ്യനിലേക്കെത്തുന്ന അസുഖങ്ങളില്‍ ഒന്നാണ് എലിപ്പനി (ഹലുീേുെശൃീശെ)െ. ലെപ്‌ടോസ്‌പൈറ എന്ന സൂക്ഷമജീവിയാണ് എലിപ്പനിയുടെ കാരണക്കാരന്‍. പ്രധാനമായും എലി അടങ്ങുന്ന സസ്തനികളിലാണ് ഇവ കണ്ടുവരുന്നത്. അത്തരം മൃഗങ്ങളില്‍ ബാക്ടീരിയ പലപ്പോഴും അസുഖലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല.
രോഗാണുവാഹകനായ മൃഗത്തിന്റെ മൂത്രത്തിലൂടെ രോഗാണു ശരീരത്തിനു പുറത്തെത്തുകയും വെള്ളത്തിലും മറ്റും കലരുകയും ചെയ്യുന്നു. ഉദാഹരണത്തിന്, എലിമൂത്രം കലര്‍ന്ന പ്രളയജലവുമായി ദീര്‍ഘനേരം സമ്പര്‍ക്കത്തിലിരിക്കുന്ന ഒരാള്‍ക്ക് കാലില്‍ മുറിവുണ്ടായാല്‍ ആ മുറിവിലൂടെ രോഗാണു ശരീരത്തിലേക്കു കടക്കുകയും എലിപ്പനിക്കു കാരണമാവുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍
പനി, വിറയല്‍, തലവേദന, ശരീരവേദന, തളര്‍ച്ച, ഓക്കാനം, ഛര്‍ദി, ചിലരില്‍ വയറിളക്കം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇതോടനുബന്ധിച്ചു കണ്ണുകള്‍ക്കു ചുവപ്പും കണ്ടുവരുന്നു.
റെഡ് ഫ്‌ളാഗ് സൈന്‍
ശ്വാസോഛാസം കൂടുക, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, മൂത്രത്തിന്റെ അളവ് കുറയുക, ശരീര താപനിലയില്‍ വ്യത്യാസമുണ്ടാകുക, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയൊക്കെ എലിപ്പനി സങ്കീര്‍ണമാവുന്നു എന്നുള്ളതിന്റെ അപകടകരമായ മാറ്റങ്ങളാണ്. ഈ ഘട്ടത്തില്‍ പലപ്പോഴും എലിപ്പനി മഞ്ഞപ്പിത്തമാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
അത്തരത്തില്‍ 25 വയസുള്ള ഒരു യുവതിയെ വ്യാജ ചികിത്സകന്‍ മഞ്ഞപ്പിത്തത്തിനു നാട്ടുമരുന്നു നല്‍കി ചികിത്സിക്കുകയും യുവതി മരണപ്പെടുകയും ചെയ്തത് ഈ അടുത്ത ദിവസങ്ങളിലാണ്.
കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും രക്തസ്രാവത്തിനു കാരണമാകാനും ലെപ്‌ടോസ്‌പൈറ എന്ന ഈ രോഗാണുവിനു കഴിയുന്നു. മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു പകരാനുള്ള സാധ്യത വളരെ കുറവാണ്. ചെറിയ പനിയില്‍ തുടങ്ങി, സങ്കീര്‍ണസാഹചര്യങ്ങളിലും ശരിയായ ചികിത്സ കിട്ടാത്ത സാഹചര്യങ്ങളിലും മരണംവരെ സംഭവിക്കാറുണ്ട്.
പ്രതിരോധം
മലിനജലവുമായി നിരന്തര സമ്പര്‍ക്കത്തില്‍ വന്നവര്‍, പ്രളയാനന്തരം ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കു മുന്‍കരുതല്‍ എന്ന നിലയില്‍ 200 മില്ലിഗ്രാം ഡോക്‌സി സൈക്ലിന്‍ ആഴ്ചയില്‍ ഒന്നുവച്ചു കഴിക്കാനാണു നിര്‍ദേശം. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നിടത്തോളം, പരമാവധി ആറ് ആഴ്ചവരെ കഴിക്കാം. രണ്ടു വയസു മുതല്‍ പന്ത്രണ്ട് വയസുവരെ പ്രായക്കാര്‍ക്ക്, ശരീരഭാരത്തിനനുസരിച്ചാണു ഗുളികയുടെ അളവ് നിര്‍ണയിക്കുന്നത്. രണ്ടു വയസിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ക്കുപകരം അമോക്‌സിസിലിന്‍, അസീത്രോമൈസിന്‍ എന്നിവയാണു നല്‍കുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- ഗുളികകള്‍ ഭക്ഷണത്തിനുശേഷം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക
- മരുന്നുകള്‍ ഡോക്ടറുടെയോ അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെയോ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക
- ലക്ഷണങ്ങള്‍ കാണിക്കുന്ന സാഹചര്യത്തില്‍ പനിക്കും മറ്റും സ്വയം ചികിത്സ ഒഴിവാക്കി എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക
- ദേഹത്തു മുറിവുള്ളവര്‍ വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കുക
- കുടിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക
- പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യുകയും വീടും വീട്ടുപകരങ്ങളും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചു വൃത്തിയാക്കുകയും ചെയ്യുക
- ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക
- എലിയുമായി സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക
- വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക
കരുതലുണ്ടായാല്‍ എലിപ്പനിയെയും നമുക്കു തളരാതെ ചെറുത്തുതോല്‍പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."