സംഘര്‍ഷ സാധ്യത: കനത്ത സുരക്ഷയില്‍ വടകര
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകര മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം മേഖലയില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം നേതാവുമായ സി.ഒ.ടി നസീറിനെ ഒരു സംഘം വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു. നസീര്‍ ഇപ്പോഴും ചികിത്സയിലാണ്. അക്രമരാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്ത മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് ശേഷവും അക്രമം തുടര്‍ന്നത് ആശങ്കയോടെയാണ് പൊലിസ് കാണുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംഘര്‍ഷമുണ്ടായാല്‍ തടയാന്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സായുധ പൊലിസ് സംഘത്തെ വ്യന്യസിച്ചിട്ടുണ്ട്.
വടകര റൂറല്‍ ജില്ലയെ ഏഴ് സബ് ഡിവിഷനുകളാക്കി തിരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വടകര, നാദാപുരം, താമരശേരി, എടച്ചേരി, കൊയിലാണ്ടി, പേരാമ്പ്ര, കൊടുവള്ളി സബ് ഡിവിഷനുകളില്‍ ഏഴ് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 15 പേരടങ്ങുന്ന 14 സ്‌ട്രൈക്കിങ് ഫോഴ്‌സ് സംഘങ്ങള്‍ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ പട്രോളിങ് നടത്തും.
ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പൊലിസ് തീരുമാനം. എം.എസ്.പി, കെ.എ.പി ബറ്റാലിയനൊപ്പം തിരുവനന്തപുരത്ത് നിന്നെത്തിയ സായുധ വനിതാപൊലിസ് സംഘവും വടകരയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിന്റെ മേല്‍നോട്ടത്തിലാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യതയുള്ള ഒഞ്ചിയം, കുറ്റ്യാടി മേഖലകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടി വോട്ടെണ്ണല്‍ കേന്ദ്രത്തിന് തണ്ടര്‍ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കം.
ഇന്നലെ പുലര്‍ച്ചെ മുതല്‍ റൂറല്‍ എസ്.പി യു. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ സ്‌ഫോടക വസ്തുക്കള്‍ക്കായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."