ഹൊസ്ദുര്‍ഗ് കോട്ട സംരക്ഷിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കാവുന്നു
കാഞ്ഞങ്ങാട്: അപകടാവസ്ഥയിലുള്ള ഹൊസ്ദുര്‍ഗ് കോട്ട സംരക്ഷിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കാവുന്നു. ജില്ലയിലെ വിവിധ കോട്ടകളുടെ തകര്‍ച്ച സംബന്ധിച്ച് ഒരുവര്‍ഷം മുന്‍പ് സുപ്രഭാതം വിശദമായ വാര്‍ത്തയും,പടവും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ കോട്ടകളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.
ജില്ലയിലെ പ്രധാനപ്പെട്ട കോട്ടയാണ് ഹൊസ്ദുര്‍ഗ് കോട്ട. 26 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോട്ടയുടെ ഇപ്പോഴത്തെ സ്ഥിതി വളരെ പരിതാപകരമാണ്.
കോട്ടയുടെ മുകള്‍ ഭാഗം ഉള്‍പ്പെടെ ഇതിന്റെ കല്ലുകള്‍ ഇടിഞ്ഞു വീണും, ബാക്കിയുള്ളവ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്. ഇതിന് പുറമേ ചപ്പുചവറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും കോട്ടയുടെ പരിസരത്ത് തള്ളുകയും ഇവിടെ മാലിന്യക്കുന്നാക്കി മാറ്റുകയും ചെയ്യുന്നു.
എന്നാല്‍ കോട്ടയുടെ ചുറ്റുപാടുകളില്‍ സ്ഥിതി ചെയ്യുന്നത് ഭൂരിഭാഗവും സര്‍ക്കാര്‍ ഓഫിസുകളാണ്. കോട്ടക്ക് സമീപത്ത് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൊണ്ട് തള്ളുന്നത് പോലും കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.
ഇക്കേരി സോമശേഖരനായക്കാണ് ഹൊസ്ദുര്‍ഗ് കോട്ട നിര്‍മിച്ചതെന്നാണ് ചരിത്രം. കോട്ടയിലെ ഭീമാകാരമായ വട്ടത്തൂണ്‍ കൊത്തളങ്ങള്‍ നാശോന്മുഖമാണ്. 1714 നും 1739 നും ഇടയിലാണ് ഈ കോട്ടപണിതത്.
പുതുതായി നിര്‍മിച്ചതുകൊണ്ടാണ് ഇതിന് പുതിയകോട്ട എന്നര്‍ഥം വരുന്ന ഹോസദുര്‍ഗ് എന്ന് കര്‍ണാടകത്തില്‍ നാമകരണം ചെയ്തിരിക്കുന്നത്.
ഭരണ കേന്ദ്രവും യുദ്ധതാവളവുമായിരുന്ന ഈ കോട്ടയെ ചരിത്രസ്മാരകങ്ങളായി സംരക്ഷിക്കാന്‍ അധികൃതര്‍ ഒരുങ്ങാത്തത് ഇതിന്റെ നാശത്തിന് വഴിവെക്കുകയാണ്. മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഇതിന്റെ പരിസരത്ത് കൊണ്ട് തള്ളുന്ന അവസ്ഥയെങ്കിലും ഇല്ലാതാക്കാന്‍ അധികൃതര്‍ ഉണരേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."