ഇരുവഴിഞ്ഞിപ്പുഴ വരള്‍ച്ചയുടെ വക്കില്‍
മുക്കം: ആഴ്ചകള്‍ക്ക് മുന്‍പ് പ്രളയ ജലത്താല്‍ രൗദ്ര ഭാവം പൂണ്ടിരുന്ന ഇരുവഴിഞ്ഞിപ്പുഴ ഇന്ന് വരള്‍ച്ചയുടെ വക്കില്‍. മലയോര മേഖലയുടെ മുഖ്യ കുടിവെള്ള സ്രോതസായ പുഴയില്‍ ഇപ്പോള്‍ ജലനിരപ്പ് അപകടകരമാംവിധമാണ് താഴ്ന്നത്. വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
പുഴയിലെ വെള്ളം താഴ്ന്നതോടെ സമീപത്തെ ആയിരക്കണക്കിന് ജലസംഭരണികളിലെ ജലവിതാനവും വലിയ രീതിയില്‍ താഴ്ന്നു. വേനല്‍ക്കാലത്ത് മാത്രം കാണുമായിരുന്ന മണല്‍ കൂനകളും മാടും ഇപ്പോള്‍ പുഴയുടെ മിക്കയിടത്തും ദൃശ്യമാണ്. കരയിടിച്ചിലാണ് മറ്റൊരു ഭീഷണി. ഇരുവഴിത്തിപ്പുഴയുടെ ഉത്ഭവസ്ഥാനമായ വെള്ളരിമലയുടെ താഴ്ഭാഗം മുതല്‍ ചാലിയാര്‍ പുഴയില്‍ സംഗമിക്കുന്നത് വരെ ഇരുകരകളും ധാരാളം സ്ഥലത്ത് ഇടിഞ്ഞിട്ടുണ്ട്. ഏക്കറുകണക്കിന് ഭൂമിയാണ് ഇത്തരത്തില്‍ പുഴയെടുത്തത്. കൂടാതെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇത് വലിയ ഭീഷണിയും സൃഷ്ടിച്ചിട്ടുണ്ട്. മുക്കം കടവ് പാലത്തിന് മുകളിലായി നടുവിലേടത്ത് അബ്ബാസിന്റെ 10 സെന്റ് ഭൂമിയാണ് ഇത്തരത്തില്‍ പുഴയെടുത്തത്. ഇദ്ദേഹത്തിന്റെ വീടും കിണറും അപകടാവസ്ഥയിലാണ്. പുഴയുടെ ഭിത്തികള്‍ക്ക് സംരക്ഷണം നല്‍കുന്ന മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും മണല്‍വാരലുമാണ് കരയിടിച്ചില്‍ ഇത്ര രൂക്ഷമാക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ രീതിയില്‍ ജലവിതാനം താഴ്ന്ന പുഴയില്‍നിന്ന് അനധികൃതമായി മണല്‍ വാരുന്നതും തകൃതിയായി നടക്കുന്നുണ്ട്. ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്കിന്റെ ഗതിയിലും മാറ്റം വന്നിട്ടുണ്ട്.
സാധാരണ വേനല്‍ക്കാലം ആരംഭിക്കുന്ന ജനുവരി, ഫെബ്രവരി മാസങ്ങളിലാണ് പുഴയുടെ ഒഴുക്ക് കുറഞ്ഞ് ദിശമാറുന്നത്. മുക്കം കടവ് പാലത്തിനു മുകളില്‍ വെള്ളപ്പൊക്കത്തില്‍ തൂക്ക് പാലം ഒലിച്ച് പോയ ഭാഗങ്ങളില്‍ ഇരുവഴിഞ്ഞി പൂര്‍ണമായും ഗതി മാറി. കടുത്ത വേനലില്‍ പോലും പുഴയോരങ്ങളിലെ കിണറുകളിലെ ജല വിതാനത്തില്‍ വലിയ താഴ്ച അനുഭവപ്പെടാറില്ലായിരുന്നു. എന്നാല്‍ ഈ വര്‍ഷം നൂറ്റാണ്ടിലെ പ്രളയം തന്നെ അനുഭവപ്പെട്ടെങ്കിലും സംപറ്റംബര്‍ മാസമായപ്പോഴേക്കും കിണറുകളിലെ ജലനിരപ്പ് പകുതിയിലധികം താഴ്ന്നത് ജനങ്ങളെ വലിയ രീതിയില്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ചാലിയാര്‍ റെഗുലേറ്റഡ് കം ബ്രിഡ്ജ് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കണം: ഇരുവഴിഞ്ഞി സംരക്ഷണ സമിതി
മുക്കം: ചാലിയാറിലെയും പോഷക നദികളിലെയും ജലനിരപ്പ് അസാധാരണമാംവിധം താഴ്ന്ന സാഹചര്യത്തില്‍ ചാലിയാര്‍ റെഗുലേറ്റഡ് കംബ്രിഡ്ജ് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ഇരുവഴിഞ്ഞി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ 17 വര്‍ഷത്തോളമായി കൊടും വേനലില്‍ പോലും ചാലിയാറും ഇരുവഴിഞ്ഞിയും ജലസമൃദ്ധമായിരുന്നു. ചാലിയാര്‍ റെഗുലേറ്റഡ് കംബ്രിഡ്ജ് പൂര്‍ണമായും പ്രവര്‍ത്തിച്ചിരുന്നത് കൊണ്ടാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും കടുത്ത വേനലില്‍ പോലും അനുഭവപ്പെടാതിരുന്നത്.
ഇപ്പോള്‍ പുഴകളിലെയും അതുമൂലം കിണറുകളിലെയും ജലനിരപ്പ് വളരെയധികം താഴുകയും പമ്പിങിന് പോലും കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അടിയന്തരമായി ചാലിയാര്‍ റെഗുലേറ്റഡ് കംബ്രിഡ്ജ് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കണമെന്നും സംരക്ഷണസമിതി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും ജലസേചന വകുപ്പ് എന്‍ജിനീയര്‍ക്കും സമിതി നിവേദനം നല്‍കി. യോഗത്തില്‍ ചെയര്‍മാന്‍ പി.പി മുരളീധരന്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഒ.സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.സി മുഹമ്മദ്, മോഹനന്‍ ചൂലൂര്‍, രാജീവ് കൗതുകം, രാജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."