മഴ മാറി, നിരത്തുകളില്‍ 'പൊടി'പൂരം
പടിഞ്ഞാറത്തറ: രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ശക്തമായ മഴയുടെ പ്രളയം അവസാനിച്ച് പൂര്‍വ സ്ഥിതിയിലേക്ക് മാറാന്‍ തുടങ്ങിയതോടെ ജില്ല പൊടി ശല്യത്താല്‍ പൊറുതിമുട്ടുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ കഷ്ടപ്പാടിലായ നാട്ടുകാര്‍ക്ക് മഴ മാറുകയും കടുത്ത വെയില്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് മിക്ക റോഡുകളും പൊടി കീഴടക്കിയത്.
മിക്ക റോഡുകളിലൂടെയും ചെറിയ വാഹനങ്ങള്‍ പോയാല്‍ തന്നെ പൊടിയുടെ ശല്യം അസഹ്യമായിരിക്കയാണ്. കൂടാതെ ജില്ലയിലെ നഗരങ്ങള്‍ പോലും പൊടിപടലത്താല്‍ മുഖരിതമായിരിക്കുകയാണ്. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ വെയിലിന്റെ കാഠിന്യം കാരണം അസഹ്യമായ പൊടിപടലമാണ് ഉയരുന്നത്.
റോഡുകളില്‍ കുഴി നികത്താനായി ഉപയോഗിച്ച താല്‍ക്കാലിക സംവിധാനങ്ങളൊക്കെ വെയിലുദിച്ചതോടെ പൊടിപടലത്തിന്റെ ഉത്ഭവസ്ഥാനങ്ങളായി മാറുകയും ചെയ്തു. വലിയ കുഴികളില്‍ മണ്ണിട്ടും കോറി വേസ്റ്റിട്ടും നികത്തിയതാണ് ഇത്തരത്തില്‍ റോഡുകള്‍ പൊടി കീഴടക്കാന്‍ പ്രധാന കാരണം.
ചെറിയ വാഹനങ്ങള്‍ പോലും കടന്നുപോകുമ്പോള്‍ ഉയരുന്ന പൊടിപടലത്താല്‍ പരിസരങ്ങളിലുള്ള വീടുകളും യാത്രികരും കച്ചവടക്കാരുമെല്ലാം ഏറെ ദുരിതത്തിലായിരിക്കുകയാണ്.
പൊടിയില്‍ നിന്നും രക്ഷപ്പെടാന്‍ പലരും മാസ്‌ക് ധരിക്കുന്ന അവസ്ഥയില്‍വരെ എത്തിയിട്ടുണ്ട്. മഴമാറി നാലഞ്ച് ദിവസമായപ്പോഴേക്കും സ്ഥിതി ഇത്തരത്തിലാണെങ്കില്‍ കനത്തവേനലില്‍ എന്തായിരിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."