ബി.ജെ.പി വീണ്ടും വന്നാല്‍ യു.പി ഗ്രാമം വിടാനൊരുങ്ങി മുസ്‌ലിം കുടുംബങ്ങള്‍
ലഖ്‌നൗ: ഇന്നു പുറത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുകൂലമാവുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ വര്‍ഷങ്ങളായി തങ്ങള്‍ താമസിച്ചുവരുന്ന ഗ്രാമം വിടാനൊരുങ്ങി മുസ്‌ലിം കുടുംബങ്ങള്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍സ് ഗ്രാമത്തിലുള്ള മുസ്‌ലിം കുടുംബങ്ങളാണ് ഒരിക്കലൂടെ ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കില്‍ സുരക്ഷാര്‍ഥം നാടുവിടാന്‍ തയാറായി നില്‍ക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായി എക്‌സിറ്റ് പോളുകള്‍ വന്നതിന് പിന്നാലെ റോയിട്ടേഴ്‌സിനോടാണ് ഗ്രാമത്തിലെ മുസ്‌ലിംകള്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. നേരത്തെ കാര്യങ്ങള്‍ നല്ലതായിരുന്നു. സന്തോഷത്തിലും സങ്കടത്തിലും ഇരു മതസ്ഥരും ഒന്നിച്ചായിരുന്നു. മരണത്തിലും ജനനത്തിലും കൂടെ നിന്നു. എന്നാല്‍ ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നതെങ്കിലും ഞങ്ങള്‍ വേര്‍തിരിഞ്ഞാണ് കഴിയുന്നത് ' ഗ്രാമത്തിലെ ചെരുകിടകച്ചവടക്കാരനായ ഗുല്‍ഫാം അലി പറയുന്നു.
2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലേറി. 2017ല്‍ ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥിന്റെ കീഴിലുമായി. 'മോദിയും യോഗിയും യു.പിയെ നശിപ്പിച്ചു. ഹിന്ദുക്കളേയും മുസ്‌ലിംകളേയും ഭിന്നിപ്പിക്കലായിരുന്നു അവരുടെ പ്രധാന അജന്‍ഡ. അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. നേരത്തെ ഇങ്ങനെ ആയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇവിടെ വിട്ടുപോവേണ്ട അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ ഞങ്ങളത് ആഗ്രഹിക്കുന്നില്ല'- ഗുല്‍ഫാം പറയുന്നു. തന്റെ അമ്മാവനുള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും ചേരിതിരിവുമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയാണ് യോഗിയുടെ ഭരണത്തിന് കീഴിലെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലികളെ അറക്കുന്നതും ബീഫ് വില്‍പ്പന നടത്തുന്നതുമെല്ലാം വലിയ കുറ്റങ്ങളായി ചുമത്തി ചിലര്‍ മുതലെടുപ്പ് നടത്തുകയാണ്. നിരവധി അക്രമസംഭവങ്ങളാണ് ഗോഹത്യയുടെ പേരില്‍ ഈ ഗ്രാമത്തില്‍ ഉണ്ടായത്. മുസ്‌ലിംകളെ രണ്ടാം തരക്കാരാക്കി, അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുന്നതായും ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടി.
2017 ലെ റമദാന്‍ മാസത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ചിലര്‍ മദ്രസകളില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ബാങ്ക് വിളിക്ക് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, മോദിക്കും യോഗിക്കും മുന്‍പ് ഇത്തരത്തിലുള്ള യാതൊരു സംഭവങ്ങളും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമവാസികള്‍ ഓര്‍ക്കുന്നു.
സ്വാഭാവികമായും പ്രശ്‌നങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ പരസ്പരം ശത്രുത വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നില്‍. ഇവിടെ ഞങ്ങളുടെ മതം അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും വിലക്കുണ്ട്. എന്നാല്‍ അവര്‍ അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യുന്നുവെന്ന് നിയമ വിദ്യാര്‍ഥിയായ ആയിഷ പറയുന്നു.
ഞങ്ങളുടെ ചില ആഘോഷങ്ങള്‍ക്കിടെ പോലും മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഞങ്ങളുമായി വളരെ സ്‌നേഹത്തിലും സൗഹൃദത്തിലും സംസാരിച്ചവര്‍ പോലും ഇപ്പോള്‍ അങ്ങനെയല്ലാതായി. എന്തുകാര്യത്തിനും ഓടിയെത്തുമായിരുന്നവര്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കാതെയായി. ഏറെ വിഷമമുള്ള കാര്യങ്ങളാണ് ഇതെല്ലാം. യോഗി ആദിത്യനാഥ് തുടരുകയും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ ഞങ്ങളെ ഇവിടെ നിന്നും ഇല്ലായ്മ ചെയ്യുമെന്ന ഭയം പോലുമുണ്ട്. വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തിയാല്‍ ഇവിടെ തുടരുക തങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ പശുവിന്റെ പേരില്‍ ഗ്രാമത്തിലുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ ബുലന്ദ്‌ശെഹറിലുള്ള നയാബന്‍സ് ഗ്രാമം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുസ്‌ലിംകള്‍ പശുവിനെ കശാപ്പു ചെയ്യുന്നതായി കണ്ടെന്ന് സംഘ്പരിവാര്‍ ആരോപിച്ചതോടെയായിരുന്നു സംഭവം. രോഷാകുലരായ ഹിന്ദുത്വവാദികള്‍ അക്രമാസക്തരാവുകയായിരുന്നു. കലാപത്തില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടുകയുംചെയ്തു. ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സുബോദ്കുമാര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.
ബുലന്ദ്‌ശെഹര്‍ കലാപം കഴിഞ്ഞ് അഞ്ചു മാസങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്ന് ഗ്രാമത്തിലെ മുസ്‌ലിംകള്‍ പറയുന്നു.
4000 ല്‍ പരം ആളുകളുള്ള ഗ്രാമത്തില്‍ ഇപ്പോള്‍ 400 ന് അടുത്ത് മാത്രമാണ് മുസ്‌ലിംകളുള്ളത്. ഹിന്ദുക്കള്‍ കൂടുതലുള്ള ഇടങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ കൂടുതലാണെന്ന് അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."