ഡാം മാനേജ്‌മെന്റില്‍ വീഴ്ച വന്നിട്ടില്ലെങ്കില്‍ അന്വേഷണത്തെ എന്തിനു ഭയപ്പെടണം: പി.സി തോമസ്
കല്‍പ്പറ്റ: ഡാം മാനേജ്‌മെന്റില്‍ വീഴ്ച വന്നിട്ടില്ലെങ്കില്‍ അതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ എന്തിനാണ് കേരള സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും എന്‍.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി തോമസ്.
കേരളത്തില്‍ ഉണ്ടായ തീവ്രമായ പ്രളയ ദുരന്തം മനുഷ്യ നിര്‍മിതമാണ്. ഡാം സമയാസമയത്തു തുറന്നു വിടുന്നതില്‍ വീഴ്ച പറ്റി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ വേണ്ടവിധം പരിഗണിക്കുകയോ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്കു നല്‍കുകയോ ചെയ്യുന്നതില്‍ കേരള സര്‍ക്കാരിന് വന്‍ വീഴ്ച പറ്റിയെന്നുമുള്ള ആരോപണങ്ങളെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
തീവ്രമായ മഴയുണ്ടാകാന്‍ പോകുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട ഏജന്‍സി അറിയിപ്പ് നല്‍കിയതായി കേരള ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഇന്നു പറഞ്ഞതുകേട്ടാല്‍ അങ്ങനെയുള്ള മുന്നറിയിപ്പ് അവഗണിക്കാമെന്നാണോ കേരള സര്‍ക്കാര്‍ കരുതുന്നതെന്ന് തോന്നിപ്പോകും.
ബാണാസുര ഡാം തുറന്നു വിട്ടപ്പോള്‍ വേണ്ട മുന്നറിയിപ്പു ജനങ്ങള്‍ക്ക് നല്‍കാനായില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പരസ്യമായിപ്പറഞ്ഞിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
ഇത് ജലവിഭവ മന്ത്രി പറഞ്ഞതിനു വിരുദ്ധമാണ്. കറന്റ് വേണമെന്നു പറഞ്ഞു ഡാം തുറക്കില്ലെന്നുപറഞ്ഞ മന്ത്രി എം.എം മണിയുടെ പ്രസ്താവനയും മറക്കാനാവില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന് കേരള സര്‍ക്കാര്‍ തയാറായേ മതിയാവൂ. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ എന്‍.ഡി.എ ആരംഭിക്കുമെന്നും പി.സി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."