പ്രളയത്തില്‍ നിരവധി പേര്‍ക്ക് രക്ഷകനായ യുവാവിന് മാതൃവിദ്യാലയത്തിന്റെ ആദരം
മൂവാറ്റുപുഴ: പ്രളയത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ രോഗികളെ അടക്കം നിരവധി പേരെ രക്ഷിച്ച യുവാവിന് മാതൃവിദ്യാലത്തിന്റെ ആദരം. രണ്ടാര്‍ ചള്ളിചാലില്‍ സി.പി ഉമ്മര്‍ എന്ന മുപ്പത്തിയേഴുകാരനാണ് തന്റെ മതൃവിദ്യാലയമായ രണ്ടാര്‍ എസ്.എ.ബി.റ്റി.എം.സ്‌കൂളിന്റെ ആദരം ഏറ്റുവാങ്ങിയത്. കനത്തമഴയെ തുടര്‍ന്ന് മലങ്കര ഡാം തുറന്നതോടെ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതോടെ ഉണ്ടായ കുത്തൊഴുക്കില്‍ നിരവധിയാളുകളെ അതിസാഹസികമായിട്ടാണ് ഉമ്മര്‍ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ നിര്‍മല ആശുപത്രിയില്‍ സുക്ഷിച്ചിരുന്ന മൃതദേഹവും ഉമ്മര്‍ കരക്കെത്തിച്ച് ബന്ധുക്കള്‍ക്ക് നല്‍കി. ജനിച്ച് ദിവസങ്ങള്‍ മാത്രമായ കൈക്കുഞ്ഞ് മുതല്‍ വൃദ്ധരായവരെ വരെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുത്തി. വീടുകളിലെ ടെറസുകളിലും, ഫ്‌ളാറ്റുകളിലും കുടുങ്ങിയിരുന്ന ധാരാളം പേരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി.
വൃദ്ധയായ പിതാവിനെ രക്ഷപ്പെടുത്തണമെന്നു ഒരാള്‍ പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഒരോരുത്തരായി രക്ഷ അഭ്യര്‍ഥിച്ചതോടെ 35 പേരെയാണ് ആശുപത്രിയില്‍ നിന്നും തന്റെ വഞ്ചിയില്‍ ഉമ്മര്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. പെയിന്റ് തൊഴിലാളിയായ ഉമ്മര്‍ ആറുമാസം മുമ്പാണ് 20000രൂപ മുടക്കി വള്ളം വാങ്ങിയത്. മീന്‍ പിടുത്തത്തില്‍ കമ്പം കാണിച്ചിരുന്ന ഉമ്മര്‍ ചൂണ്ടയിടീലിലും വിദഗ്ധനായിരുന്നു. രണ്ടാര്‍കര എസ്.എ.ബി.റ്റി.എം സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ എം.എം. അലിയാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
യോഗം ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ സിദ്ധീഖ് സി.പി ഉമ്മറിനെ ആദരിച്ചു. ഹെഡ്മിസ്ട്രസ് എം.എ.ഫൗസിയ, പി.ടി.എ.പ്രസിഡന്റ് അബ്ദുല്‍ സലാം മൗലവി, സ്‌കൂള്‍ അഡ്മിനിസ്റ്ററേറ്റര്‍ കെ.എം.ഷക്കീര്‍, അധ്യാപകരായ ജോജി ജോര്‍ജ്, റഫീന എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."