ആദിത്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ അറസ്റ്റിലായ കോന്തുരുത്തി സ്വദേശി ആദിത്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ മൂന്നാം പ്രതിയാണ് ആദിത്യ. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പൊലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊലിസിന്റെ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകന് ശക്തമായി എതിര്‍ത്തു.
എന്നാല്‍ പ്രതിയുടെ സാന്നിധ്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുള്ളതിനാലും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതിനാലും കസ്റ്റഡി അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് ഇന്ന് ഉച്ചയക്ക് 12 വരെ പൊലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ആദിത്യനോട് കര്‍ദിനാളിനെതിരേ വ്യാജരേഖ നിര്‍മിക്കാന്‍ നിര്‍ദേശിച്ചത് ഫാ.ടോണി കല്ലൂക്കാരനാണെന്നാണ് പൊലിസിന്റെ നിഗമനം. ഇദ്ദേഹം ഒളിവിലാണെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."