HOME
DETAILS

ശുദ്ധമായ കുടിവെള്ളത്തിന് ഇനി കാത്തിരിക്കേണ്ടതില്ല

  
backup
October 09 2020 | 02:10 AM

water-crisis-ends

 

കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടന്നുപോകേണ്ടിവരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ ഇന്ന് പുതുമയുള്ളതല്ല. കുടിവെള്ളവുമായി എത്തുന്ന ടാങ്കറുകളെ കാത്ത് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്, ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിക്കാന്‍ വെള്ളത്തിനായി ദൂരെ സ്ഥലങ്ങളില്‍ പോകേണ്ടി വരുന്നവര്‍, മഴക്കാലത്തുപോലും ടാങ്കര്‍ ലോറിയെ ആശ്രയിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍... ഇവിടെയെല്ലാം അടിസ്ഥാനപരമായി കഷ്ടപ്പെടുന്നത് സ്ത്രീകളാണ്. കുടുംബത്തിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി സമയം നീക്കിവയ്ക്കുമ്പോള്‍, തൊഴിലിനോ, പഠനത്തിനോ പോകാന്‍ കഴിയാത്ത സാഹചര്യം നേരിടുന്നവരും നമ്മുടെ നാട്ടിലുണ്ട്. അവരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതിനൊപ്പം സ്വപ്നങ്ങളുടെ വാതായനങ്ങള്‍ തുറക്കുന്നതിന് കുടിവെള്ള ലഭ്യത തടസമാകില്ലെന്ന പ്രതീക്ഷ യാഥാര്‍ഥ്യമായ ദിവസമായിരുന്നു ഇന്നലെ. കുടിവെള്ള ലഭ്യത ഏറ്റവും കുറവായ ഗ്രാമീണ മേഖലയില്‍ 2024 ഓടെ 49.65 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ അത് ലഭ്യമാക്കുന്ന പദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി തുടക്കംകുറിച്ചത്.


ചെറുതും വലുതുമായ നദികളാലും കായലുകളാലും കുളങ്ങളാലും ജലസമൃദ്ധമാണ് കേരളം എന്ന് കുഞ്ഞുനാള്‍ മുതലേ നാം പറഞ്ഞു പഠിച്ചിട്ടുള്ളതാണ്. അതേസമയം ആളോഹരി കണക്കാക്കി നോക്കിയാല്‍ നമുക്ക് ആവശ്യമായ ജലം സംസ്ഥാനത്ത് ലഭ്യമല്ലെന്ന് മനസിലാക്കാനാവും. പ്രതിവര്‍ഷം 330 സെ.മീ മഴ ലഭിക്കുന്ന കേരളത്തില്‍ 33 ശതമാനം പേര്‍ക്കു പോലും നിലവില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. അതായത് 67 ശതമാനം പേരും കിണറുകള്‍, കുഴല്‍ക്കിണറുകള്‍, മറ്റ് ജലസ്രോതസുകള്‍ തുടങ്ങിയവയെയാണ് കുടിവെള്ളത്തിനായി പോലും ആശ്രയിക്കുന്നത്. ഏകദേശം 13 ഓളം ജലജന്യരോഗങ്ങള്‍ ശുദ്ധജലത്തിന്റെ അപര്യാപ്തതയില്‍ ഉണ്ടാകുന്നുണ്ടെന്ന് സമീപകാല പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ശരാശരി വളര്‍ച്ചാനിരക്ക് അനുസരിച്ചാണെങ്കില്‍ 2024 ആകുമ്പോള്‍ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ 70 ലക്ഷം വീടുകള്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ ഭവനങ്ങളിലെല്ലാം ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നത് ഭഗീരഥപ്രയത്‌നം തന്നെയാണ്.ചെറിയ വെല്ലുവിളിയല്ലിതെന്ന തിരിച്ചറിവ് പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഈ കാല്‍വയ്പ്പ്.


ഈ സാമ്പത്തിക വര്‍ഷം ആകെ നല്‍കേണ്ട പൈപ്പ് കണക്ഷന്‍ 21.42 ലക്ഷമാണ്. ജല അതോറിറ്റി ഇതേവരെ നല്‍കിയിട്ടുള്ളത് 25 ലക്ഷം കണക്ഷനാണെന്ന് ഓര്‍ക്കണം. ഏതാണ്ട് അത്രയും തന്നെ കണക്ഷനാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നല്‍കേണ്ടിവരുന്നത്. എങ്കിലും അത് യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 100 ദിനപദ്ധതികളുടെ ഭാഗമായി 1.6 ലക്ഷം കണക്ഷനുകള്‍ നല്‍കാനും നടപടി സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ ആനുപാതത്തില്‍ ചെലവ് വഹിക്കുന്ന ഈ പദ്ധതിയില്‍ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃ വിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്ന പഞ്ചായത്തുകളും നിരവധിയുണ്ടാകുമെന്നറിയാം. ആ വെല്ലുവിളി പരിഹരിക്കുന്നതിനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. 15ാം ധനകാര്യ കമ്മിഷന്റെ പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ്, എം.എല്‍.എ ഫണ്ട്, കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും നല്‍കുന്ന ഫണ്ട്, സി.എസ്.ആര്‍ ഫണ്ട്, എന്‍.ജി.ഒകളുടെ സഹായം തുടങ്ങിയവയില്‍ നിന്നൊക്കെ ഈ വിഹിതം കണ്ടെത്താനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. സംസ്ഥാന ജല അതോറിറ്റിയാണ് പ്രധാന നിര്‍വഹണ ഏജന്‍സികള്‍. ജലനിധിയടക്കമുള്ള ഏജന്‍സികളും പദ്ധതി പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.


പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികള്‍ ഊര്‍ജിതമായ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020 - 21ല്‍ 1525 കോടി രൂപ പദ്ധതി അടങ്കലില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നല്‍കാന്‍ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുന്‍ഗണനാക്രമം അനുസരിച്ചാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടയ്ക്കുന്ന മുറയ്ക്ക് പദ്ധതി നിര്‍വഹണം ആരംഭിക്കുകയും ചെയ്യും. പദ്ധതി നടത്തിപ്പിനായി വിവിധ തലങ്ങളില്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ രൂപം നല്‍കിയിട്ടുണ്ട്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനായ ഡിസ്ട്രിക് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷനും പഞ്ചായത്ത് തലത്തില്‍ വില്ലേജ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയും പദ്ധതി നിര്‍വഹണത്തിനായി പ്രവര്‍ത്തിക്കും. കുടിവെള്ള കണക്ഷനുകള്‍ ഉറപ്പാക്കാന്‍ വില്ലേജ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി വില്ലേജ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി, ജില്ലാതല സമിതി അംഗീകരിച്ച ശേഷം, ക്രോഡീകരിച്ച ഡിസ്ട്രിക്ട് ആക്ഷന്‍ പ്ലാന്‍, സ്റ്റേറ്റ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് നല്‍കണം. ഇങ്ങനെ സമാഹരിക്കുന്ന പ്രവര്‍ത്തന പദ്ധതികളില്‍ നിന്നാണ് ഓരോ വര്‍ഷത്തെയും ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നത്.


2020 - 21 ലേക്കായി 6,377 കോടി രൂപയുടെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ആകെ തുകയില്‍ കേന്ദ്ര വിഹിതം 2869.5 കോടിയും (45%) സംസ്ഥാന വിഹിതം 1913 കോടിയും (30%) പഞ്ചായത്ത് വിഹിതം 956.5 കോടിയും (15%) ഗുണഭോക്തൃവിഹിതം 637.7 കോടിയും (10%) ആണ്. ഈ വര്‍ഷം ഇതുവരെയും 716 ഗ്രാമപഞ്ചായത്തുകളിലായി 16.48 ലക്ഷം ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനായി 4348.89 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി 701 പഞ്ചായത്തുകളിലെ 774 പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യുകയും, മേല്‍ ടെണ്ടര്‍ ചെയ്തു പ്രവൃത്തികളില്‍ 93 നിയമസഭാ മണ്ഡലങ്ങളിലായി 243 പഞ്ചായത്തുകളിലെ 1.78 ലക്ഷം ഗാര്‍ഹിക കണക്ഷനുകള്‍ ഉള്‍പ്പെടുന്ന 250 പ്രവൃത്തികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി, പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

(ജലവിഭവ മന്ത്രിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  6 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  6 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  6 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  6 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  6 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  6 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  6 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  6 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  6 days ago