സംരക്ഷകര്‍ തന്നെ ശിക്ഷിക്കുന്നത് അനീതി: സി.പി ജോണ്‍
പയ്യന്നൂര്‍: നാടിന്റെ സംരക്ഷകര്‍ തന്നെ നാട്ടുകാരെ ദ്രോഹിക്കുന്ന നടപടി നീതികരിക്കാന്‍ സാധിക്കാത്തതാണെന്ന് സി.എം.പി(ജോണ്‍ വിഭാഗം) സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍. രാമന്തളിയിലെ മാലിന്യ വിരുദ്ധ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയബോധവും ഉണര്‍വും ഉള്ള ഒരു ജനത കുടിവെള്ളത്തിനു വേണ്ടി ചെറുത്തു നില്‍ക്കേണ്ടി വരുന്നത് നാടിന് നാണക്കേടാണ്. മലിനീകരണ പ്ലാന്റ് കൊണ്ട് ലക്ഷ്യമിടുന്നത് മാലിന്യം ഇല്ലാതാക്കുക എന്നതാണ്. എന്നാല്‍ രാമന്തളിയില്‍ അക്കാദമിയുടെ എസ്.ടി.പി കൊണ്ട് ജനജീവിതം ദുസഹമായിരിക്കുകയാണ്. പഞ്ചായത്ത് ഭരണഘടന സംവിധാനമായതിനാല്‍ മാലിന്യപ്രശ്‌നത്തില്‍ പഞ്ചായത്തിന് ഇടപെടാന്‍ സാധിക്കുമെന്നും സി.പി ജോണ്‍ പറഞ്ഞു. വിനോദ് കുമാര്‍ രാമന്തളി അധ്യക്ഷനായി. വി.കെ രവീന്ദ്രന്‍, കൊടക്കല്‍ ചന്ദ്രന്‍ സംസാരിച്ചു.
സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ക്കെതിരേ പൊലിസ് കരിനിയമം അടക്കമുള്ള കള്ളക്കേസുകള്‍ ചേര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ പത്തിന് പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. ജന ആരോഗ്യ സംരക്ഷണ സമിതി നേതാക്കളായ അഞ്ചു പേര്‍ക്കെതിരേ പൊലിസ് നല്ലനടപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന മാലിന്യ വിരുദ്ധ സമരം 71ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ ഐക്യദാര്‍ഢ്യവുമായി ഇന്നലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. വിശാലാക്ഷന്‍ എത്തി. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് അധികൃതരുടെ കണ്ണുതുറക്കാന്‍ സമരസമിതി മഹിളാ വിഭാഗം ഇന്നലെ ഉച്ചയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം വിളപ്പില്‍ശാല സമരനായിക ശോഭനകുമാരി സമരപന്തല്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."