ഓര്‍മിക്കാനൊരു സെല്‍ഫി സമ്മാനിച്ച് സഫീര്‍ യാത്രയായി
പാറക്കടവ്: സുഹൃത്തുകളോടൊപ്പം പാറമടയിലെ വെള്ളം കാണാനെത്തി മുങ്ങിമരിച്ച ചെക്യാട്ടെ കല്ല്കൊത്തിയില് സഫീര്‍ യാത്രയായത് ഓര്‍മിക്കാനൊരു സെല്‍ഫി സമ്മാനിച്ച്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം ശനിയാഴ്ച വൈകിട്ടാണ് സഫീര്‍ ചെക്യാട് ഉള്ളിപ്പാറ ജലാശയത്തിലെത്തിയത്. നീന്തല്‍ വശമില്ലാത്ത സഫീറിനെ കരയിലിരുത്തി കൂട്ടുകാര്‍ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു.
കരയില്‍ നിന്ന് മനോഹരമായി മൊബൈലില്‍ സെല്‍ഫിയെടുക്കുകയായിരുന്ന കേള്‍വിയും സംസാരശേഷിയുമില്ലാത്ത സഫീര്‍ വെള്ളത്തിലിറങ്ങുമെന്ന് ഇവര്‍ കരുതിയിരുന്നില്ല. നേരത്തേ ജലാശയം വലിയ ഗര്‍ത്തമാണെന്ന് കൂട്ടുകാര്‍ സഫീറിനോട് പറഞ്ഞിരുന്നുവെങ്കിലും അതൊന്നും കൃത്യമായി മനസിലാക്കാനാകാതെ പ്രിയ കൂട്ടുകാരുടെ കണ്മുന്നിലൂടെ സഫീര്‍ മണക്കയത്തിലകപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ സഹായത്തിനായി പലവഴി തേടിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിനു തൊട്ടുമുന്‍പ് സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയക്കാനും പ്രൊഫൈല്‍ ചിത്രമാക്കാനും സഫീര്‍ മറന്നില്ലെന്നതും തീരാസങ്കടമായി.
വളയം പൊലിസും ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ ഏറേനേരത്തെ തെരച്ചിലിനൊടുവിലാണ് വെള്ളക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ സഫീറിനെയും കുടുംബത്തേയും മുന്‍പും ദുരന്തം തേടിയെത്തിയിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് കോഴിക്കോട്ടെ സ്പെഷല്‍ സ്കൂളില്‍ നിന്ന് സഫീറിനെയും കൂട്ടി തിരിച്ചുവരുമ്പോഴുണ്ടായ അപകടത്തിലാണ് പിതാവ് അലി ഹാജി മരിച്ചത്. അന്ന് അത്ഭുതകരമായി സഫീര്‍ രക്ഷപ്പെടുകയായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കെല്ലാം സുപരിചിതനായിരുന്നു സഫീര്‍.
അപകട വിവരമറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭിന്നശേഷിക്കാരായ നൂറുക്കണക്കിന് കുട്ടികളാണ് ചെക്യാട് ഗ്രാമത്തിലെത്തിയത്. ആംഗ്യഭാഷയിലുള്ള ഇവരുടെ ദുഃഖപ്രകടനം കണ്ടുനിന്നവരുടെ കരളലിയിക്കുന്നതായിരുന്നു. മയ്യിത്ത് വീട്ടിലെത്തിച്ചതിന് ശേഷം സമീപത്തെ മദ്റസാ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു.
തുടര്‍ന്നു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറക്കടവ് ജുമാമസ്ജിദില്‍ ഖബറടക്കി. ഒ.ഐ.സി.സി ഖത്തര്‍ ഘടകം പ്രസിഡന്റ് കെ.കെ ഉസ്മാനും ചെക്യാട് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ അബൂബക്കറും പിതൃസഹോദരന്മാരാണ്. മാതാവ്: സുബൈദ സഹോദങ്ങള്‍: സജീര്‍, സുബൈര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."