HOME
DETAILS

ഖാസി കേസ്: ഓട്ടോപ്‌സി ഫലം നല്‍കുന്ന ബലം

  
backup
October 09 2020 | 02:10 AM

khasi-case

 

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കയാണ്. കേരളത്തില്‍ അത്യപൂര്‍വമായാണ് ഇത്തരമൊരു പരിശോധനാ രീതി അവലംബിക്കപ്പെടുന്നത്. ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിരന്തരം ആവശ്യപ്പെടുകയും അന്വേഷണ സംഘം അവയോട് നിഷേധാത്മക നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി, ഇന്ത്യയിലെ ഇത്തരം പരിശോധനയില്‍ ഏറ്റവും മികച്ചതെന്ന ഖ്യാതിയുള്ള സ്ഥാപനങ്ങളിലൊന്നായ ജിപ്‌മെറിലെ ഉന്നതസംഘം നടത്തിയ ഓട്ടോപ്‌സിയുടെ ഫലം പലരുടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. ഒരു ഔചിത്യബോധവുമില്ലാതെ ആത്മഹത്യയാക്കി ചിത്രീകരിച്ച് ഖാസി കേസ് അവസാനിപ്പിക്കാമെന്ന ചിലരുടെ മൂഢ ധാരണയുടെ കരണത്തേറ്റ അടിയായി വേണം ഈ റിപ്പോര്‍ട്ടിനെ വിലയിരുത്താന്‍.


തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ 14 പോയിന്റുകളാണ് സംഘം നിരത്തിയത്. ഇതുവരെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രസ്ഥാന ബന്ധുക്കളും ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ക്ക് അടിവരയിടുകയാണ്. മാനസികാരോഗ്യ, ഫൊറന്‍സിക് വശങ്ങളിലൂടെ വിലയിരുത്തി അവര്‍ രേഖപ്പെടുത്തിയ വസ്തുതകളിലെ പ്രസക്തഭാഗങ്ങള്‍ ഇവയാണ്.
ഖാസിയുടെ കഴിഞ്ഞ കാല ജീവിതമോ കുടുംബ ചരിത്രമോ ആത്മഹത്യാ സാധ്യതയ്ക്ക് പിന്‍ബലം നല്‍കുന്നില്ല. തങ്ങള്‍ അഭിമുഖം നടത്തിയ ഒരാള്‍ പോലും അദ്ദേഹം ഏതെങ്കിലും ഘട്ടത്തില്‍ പ്രകോപനത്തിന് അടിപ്പെട്ടതായോ എടുത്തു ചാട്ടം നടത്തിയതായോ ഓര്‍ക്കുന്നില്ല.
എത്ര സങ്കീര്‍ണമായ കുടുംബ പ്രശ്‌നങ്ങളുമായി ആളുകള്‍ സമീപിച്ചാലും എല്ലാം കേട്ട് തൃപ്തികരമായ പരിഹാരം നിര്‍ദേശിക്കുന്ന ഖാസി ,തികഞ്ഞ മനസ്സാന്നിധ്യത്തിന്റെയും സമചിത്തതയുടെയും ഉടമയാണ്.


മരണത്തിന് തൊട്ടു മുമ്പുള്ള വേളകളില്‍ ദുഃഖം, ക്ഷിപ്ര വികാരം തുടങ്ങിയവ പ്രകടിപ്പിക്കുന്ന തരത്തിലുള്ള മാറ്റമോ ജൈവിക, സാമൂഹിക ഗതിമാറ്റമോ സംഭവിച്ചതായി തെളിവില്ല. നിരാശയോ നിസ്സഹായതയോ സാമൂഹിക പിന്തള്ളലോ തൊഴില്‍പരമായ ക്ലേശങ്ങളോ അദ്ദേഹത്തെ അലട്ടിയതിന് തെളിവില്ല.
സാധാരണ ഗതിയില്‍ ആത്മഹത്യാ സംഭവങ്ങളില്‍ കാണാറുള്ള ഒരു പ്രവണതയും ഖാസിയുടെ കാര്യത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മരണത്തിന്റെ മുമ്പ് ഒരു വര്‍ഷത്തിനിടയിലുള്ള ജീവിതക്രമം വിലയിരുത്തിയപ്പോള്‍ ബാഹ്യമോ ആന്തരികമോ ആയ എന്തെങ്കിലും സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടതായോ കുടുംബപരമോ സാമൂഹികമോ വല്ല അസാധാരണ സംഭവം പിടിച്ചുലച്ചതായോ കണ്ടെത്താന്‍ സാധിച്ചില്ല.


ജീവിക്കാനുള്ള പ്രേരണകളെ പഠനവിധേയമാക്കിയപ്പോള്‍ അവയെല്ലാം അദ്ദേഹത്തില്‍ കൂടുതല്‍ ജീവിക്കാനും സേവന നിരതനാകാനുമുള്ള കാരണങ്ങളായും ആത്മഹത്യയ്‌ക്കെതിരേയുള്ള പ്രതിരോധശക്തിയായുമാണ് തെളിഞ്ഞു വന്നത്. താന്‍ പടുത്തുയര്‍ത്തിയ സ്ഥാപനമായ എം.ഐ.സിയെ കൂടുതല്‍ ഉയരത്തിലെത്തിക്കാനും അതില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ സ്വീകരിക്കാനുമുള്ള വെമ്പലിലായിരുന്നു, അവസാനംവരെ അദ്ദേഹം. ഇത് ആത്മഹത്യാ സാധ്യതക്കെതിരേയുള്ള കവചമായി കണക്കാക്കാം.
അദ്ദേഹം എഴുതിവച്ചതായി കണ്ടെത്തിയ തിയതിയില്ലാത്ത കുറിപ്പ് ഒന്നിലും കൃത്യമല്ല. അഭിമുഖം നടത്തിയവരും വ്യത്യസ്ത ന്യായങ്ങളാണ് നിരത്തിയത്. അതിനെ ആത്മഹത്യാ കുറിപ്പായി കാണുന്നതിന് പകരം പ്രായമായ ഒരാള്‍ സ്വന്തം വരവ്, ചെലവ് എഴുതി സൂക്ഷിച്ചുവെന്ന് കരുതാനാണ് ന്യായം. എഴുതുന്നതായി ആരും കാണുകയോ എഴുതിയ സമയത്തെ മാനസിക നില മനസ്സിലാക്കുകയോ ചെയ്യാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.


മരണത്തിന് മാസങ്ങള്‍ക്ക് മുമ്പേ അദ്ദേഹം കടുത്ത രോഗം ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ, മുട്ടുവേദന കാരണം സാധാരണ നിലയില്‍ നടക്കാനും കയറാനും പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ കസേരയില്‍ ഇരുന്നാണ് നിസ്‌കാരം നിര്‍വഹിച്ചിരുന്നത്. പക്ഷേ, ഇതൊന്നും ഉല്‍കണ്ഠയ്‌ക്കോ വിഷാദ രോഗത്തിനോ നിമിത്തമായിട്ടില്ലെന്ന് മാത്രമല്ല, തികഞ്ഞ പക്വതയോടും ശാന്തതയോടെയുമാണ് ഇതിനോടെല്ലാം പ്രതികരിച്ചിരുന്നത്. മരിക്കുന്നതിന് എതാനും മാസം മുമ്പ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച പ്രതികരണം അത്ഭുതകരമായിരുന്നു.


മതധാര്‍മിക ബോധം ആത്മഹത്യാ പ്രവണതകള്‍ക്കെതിരിലുള്ള ശക്തമായ കവചമാണ്. തികഞ്ഞ മതഭക്തനും മതമൂല്യങ്ങളുടെ പ്രചാരകനുമായ ഖാസിയില്‍ അവസാന നിമിഷം വരെ അതില്‍ നിന്നുള്ള വ്യതിയാനമോ വിരുദ്ധ നീക്കമോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. വിശ്വാസത്തിലോ വിശ്വാസ പ്രചോദിതമായ കര്‍മങ്ങളിലോ ഒരു പിറകോട്ടടിയോ ഉണ്ടായിട്ടില്ല. ഇതെല്ലാം ആത്മഹത്യാ സാധ്യത നിരാകരിക്കുന്ന ഘടകങ്ങളാണ്. ഭാവിയില്‍ ചെയ്തുതീര്‍ക്കേണ്ട പല കാര്യങ്ങളും പ്ലാന്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം മുന്നോട്ടു നീങ്ങിയിരുന്നത്.


ഫൊറന്‍സിക് വീക്ഷണത്തില്‍ കാല്‍മുട്ടുവേദനയുള്ളയാള്‍ കടുക്കക്കല്ലിലെ ദുര്‍ഘടമായ വഴികള്‍ താണ്ടി ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കില്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യണമെന്നുണ്ടെങ്കില്‍ അതിലും ലളിതവും മറ്റുള്ളവര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കാത്തതുമായ വഴികള്‍ തെരഞ്ഞെടുക്കാവുന്നതേയുള്ളൂ. അടുത്ത കാലത്തൊന്നും കണ്ണട ധരിക്കാതെ വീടിന് വെളിയില്‍ ഇറങ്ങിയതായി കണ്ടിട്ടില്ലെന്ന് അടുത്ത ബന്ധമുള്ളവരെല്ലാം സാക്ഷ്യപ്പെടുത്തുമ്പോള്‍, ഖാസി പാതിരാത്രി കണ്ണട ധരിക്കാതെ അത്രയും ദൂരം താണ്ടി പാറക്കല്ലില്‍ കയറിയെന്ന് വിശ്വസിക്കാന്‍ കഴിയില്ല. രണ്ട് കണ്ണടകളും വീട്ടിലും കാറിലുമായി കണ്ടെത്തിയിരുന്നു.


ഇത്തരം നിരവധി ന്യായങ്ങളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ മെഡിക്കല്‍ വിദഗ്ധ സംഘം ഖാസിയുടെ ദുരൂഹ മരണത്തിലെ ആത്മഹത്യാ സാധ്യത നിരാകരിക്കുന്നു. ഇനി സി.ബി.ഐയുടെ മുന്നിലാണ് കാര്യങ്ങള്‍. അവര്‍ ഒന്നാം അന്വേഷണ ഘട്ടത്തില്‍ തന്നെ കൊട്ടിയടച്ച കൊലപാതക സാധ്യതയുടെ ഫയലുകള്‍ തുറക്കണം. അന്ത്യത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന കോളുകളുടെ ഉറവിടവും അതില്‍ ഒരാളുടെ ദുരൂഹ മരണവും വേണ്ടവിധം അന്വേഷിച്ചിട്ടില്ല. സമഗ്രമായ പുനരന്വേഷണം തന്നെയാണ് ഇനി മുന്നിലുള്ള മാര്‍ഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago