HOME
DETAILS
MAL
ജാഗ്രതൈ..! തട്ടിപ്പ് വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയും
backup
October 09 2020 | 04:10 AM
കോഴിക്കോട്: വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി പണമുണ്ടാക്കാമെന്ന മെസേജ് തട്ടിപ്പിന്റെ പുതുവഴിയാണെന്ന് കേരള പൊലിസിന്റെ മുന്നറിയിപ്പ്.
സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍ അവസരമെന്ന രീതിയില്‍ വാട്സ്ആപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് പൊലിസിന്റെ നിര്‍ദേശം. വാട്സ്ആപ്പ് സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോകുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാമെന്നാണ് വാഗ്ദാനം.
പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിങ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ബാങ്കിങ് വിവരങ്ങള്‍, എ.ടി.എം നമ്പര്‍, എ.ടി.എം കാലാവധി അവസാനിക്കുന്ന തിയതി എന്നിവ ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്നും കേരള പൊലിസിന്റെ സൈബര്‍ ഡോം മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."