മയക്കുമരുന്ന് ലോബി സൗന്ദര്യവര്‍ധനവും തന്ത്രമാക്കുന്നു ചതിക്കുഴികളില്‍ വീഴാതെ നോക്കണം
ജില്ലയില്‍ ലഹരിമിഠായികളും ലഹരിഗുളികകളും വ്യാപകം
കോഴിക്കോട്: ജില്ലയില്‍ ലഹരി മിഠായികളുടെയും ലഹരി ഗുളികകളുടെയും വിതരണം വര്‍ധിക്കുന്നു. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് ലഹരിമിഠായികള്‍ വിറ്റഴിക്കുന്നത്. മയക്കുമരുന്ന് അടങ്ങിയ പലതരം മിഠായികളാണ് ഒന്നും രണ്ടും രൂപയ്ക്ക് വില്‍ക്കുന്നത്. കഴിഞ്ഞ ദിവസവും സിറ്റി പൊലിസ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ കൈയില്‍ നിന്ന് അഞ്ചുപായ്ക്കറ്റ് ലഹരിമിഠായികള്‍ പിടിച്ചിരുന്നു. ഒരു രൂപയ്ക്ക് വില്‍ക്കുന്ന മിഠായിയാണിത്. വലിയ അളവില്‍ ലഹരിപദാര്‍ഥങ്ങളടങ്ങിയിട്ടില്ലെങ്കിലും സ്ഥിരമായി ഉപയോഗിച്ചാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌ട്രോബറി ഫ്‌ളേവറോടുകൂടിയ ലഹരിമിഠായിയാണ് കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിക്കുന്നത് മിഠായിയായതിനാല്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ കണ്ടുപിടിക്കാനും സാധിക്കുന്നില്ല. മിഠായിക്ക് പുറമെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ രൂപത്തിലും മയക്കുമരുന്ന് വ്യാപകമായി വില്‍ക്കുന്നുണ്ട്. ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍, നിറം വര്‍ധിപ്പിക്കാന്‍, മുഖക്കുരു ഇല്ലാതാക്കാന്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മയക്കുമരുന്നു ലോബി കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കോളജ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ലഹരികലര്‍ന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പന. ഇതു മയക്കുമരുന്ന് വില്‍പനക്കാരുടെ പുതിയ തന്ത്രമാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ സുരേഷ് സുപ്രഭാതത്തോടു പറഞ്ഞു.
ഇക്കാര്യങ്ങള്‍ ചില സ്‌കൂള്‍ അധികൃതര്‍ മനസിലാക്കിയാലും സ്‌കൂളിന്റെ സല്‍പ്പേര് ഇല്ലാതാകുമോയെന്ന് ഭയന്ന് പലപ്പോഴും അവര്‍ പൊലിസിനെ അറിയിക്കാറില്ല. നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ അഞ്ചോളം പെണ്‍കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് പൊലിസ് കുറച്ചു ദിവസം മുന്‍പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവരില്‍ നിന്ന് ലഹരിഗുളികകള്‍ കണ്ടെടുത്തു. മുഖക്കുരുവിനുള്ള മരുന്നാണെന്ന് പറഞ്ഞാണ് ഒരു സംഘം ഇവര്‍ക്ക് ലഹരിഗുളികകള്‍ നല്‍കിയത്. ഒരാഴ്ച മുന്‍പ് നാദാപുരത്തു നിന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് വിതരണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."