പ്രളയക്കെടുതിക്ക് ശേഷം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സജീവമാകുന്നു
രാജാക്കാട്: പ്രളയക്കെടുതിയുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജില്ലയിലെ ടൂറിസം മേഖല സജീവമാകുന്നു. പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രമായ ആനയിറങ്കലിലടക്കം ബോട്ടിംഗും പുനരാരംഭിച്ചു. മൂന്നാറിലും സഞ്ചാരികള്‍ എത്തിത്തുടങ്ങി.
സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. കനത്ത കാലവര്‍ഷത്തിലെ പ്രളയക്കെടുതിയില്‍ പാടേ നിലച്ചത് ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയായിരുന്നു. റോഡ് ഗതാഗതമടക്കം തടസ്സപ്പെട്ടതോടെ ജില്ലയില്‍ ടൂറിസം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മഴ മാറുകയും തകര്‍ന്ന് റോഡുകളില്‍ താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തതോടെ ടൂറിസം മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധന ഉത്തരവ് പിന്‍വലിയ്ക്കുകയും ചെയ്തു.
ഇതോടെ ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിംഗും പുനരാരംഭിച്ചിട്ടുണ്ട്. ആനയിറങ്കല്‍ അടക്കമുള്ള ബോട്ടിംഗ് കേന്ദ്രങ്ങളിലേയ്ക്ക് നിലവില്‍ സഞ്ചാരികളും എത്തിത്തുടങ്ങി.
വരും ദിവവസ്സങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ ഹൈറേഞ്ചിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. മൂന്നാര്‍ പെരിയവരൈ പാലം നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയകും. ഇതോടെ രാജമലയിലേയ്ക്ക് സഞ്ചാരികളെ കടത്തിവിടുവാന്‍ സാധിക്കും. നിലവില്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നത് സഞ്ചാരികളിലേയ്ക്ക് എത്തിയ്ക്കുന്നതിനുള്ള നടപടികളും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. രാജമലയിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചാല്‍ ജില്ലയില്‍ ടൂറിസം മേഖലയില്‍ വന്‍ തിരക്കുണ്ടാകും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹൈറേഞ്ചില്‍ ആശ്വാസം പകരുമെന്ന പ്രതീക്ഷയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."