മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആളുമാറി ശസ്ത്രക്രിയ: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
വിശദമായ അന്വേഷണത്തിന് നിര്‍ദേശം
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്കെതിരേ നടപടി. സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഡോ. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യില്‍ മജീദ് -ജഹാന ദമ്പതികളുടെ മകന്‍ ഏഴു വയസുകാരന്‍ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി മൂക്കിന് പകരം വയറിന് ശസ്ത്രിയ നടത്തിയത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം.
പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍-കുഞ്ഞുലക്ഷമി ദമ്പതികളുടെ മകന്‍ ധനുഷ് (6)നാണ് ഹെര്‍ണിയക്ക് വയറ്റില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് മുഹമ്മദ് ഡാനിഷിനെയും ധനുഷിനെയും ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. ഡാനിഷിന് മൂക്കിലെ ദശ മാറ്റുന്നതിനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. രണ്ടുപേരെയും ഒരേ സമയത്താണ് ശസ്ത്രക്രിയക്കായി തിയേറ്ററില്‍ പ്രവേശിപ്പിച്ചത്.
10.30തോടെ ഡാനിഷിന്റെ ഓപ്പറേഷന്‍ കഴിഞ്ഞതോടെ പുറത്ത് നില്‍ക്കുന്ന രക്ഷിതാവിനെ വിളിച്ച് കുട്ടിയെ കാണിച്ചു കൊടുത്തു. ഈ സമയത്താണ് മൂക്കിന് പകരം വയറില്‍ ഓപ്പറേഷന്‍ ചെയ്തായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞെന്നും അതുകൊണ്ടാണ് വയറിന് ഓപ്പറേഷന്‍ ചെയ്തതെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണമെന്ന് രക്ഷിതാവ് പറഞ്ഞു. ഡോക്ടര്‍ പെട്ടെന്ന് കുട്ടിയെ വീണ്ടും തിയേറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
ഇതേ തുടര്‍ന്ന് യു.ഡി.എഫും വിവിധ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രോഗിയുടെ ജീവന്‍ വച്ച് പന്താടുന്ന ഒരവസ്ഥയും അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍തന്നെ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. മാറി ശസ്ത്രക്രിയ നടത്തിയ ഏഴു വയസുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന ആശുപത്രിയിലെത്തി വിശദീകരണം തേടി. അതേസമയം, കൈയില്‍ ഒട്ടിച്ച ടാഗില്‍ രോഗിയുടെ പേരിന് പുറമെ രോഗ വിവരവും ഓപ്പറേഷന്‍ ചെയ്യേണ്ട അവയവും വിഭാഗവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെ ഓപ്പറേഷന് വിധേയമാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലിസിനും ജില്ലാ കലക്ടര്‍ക്കും ആരോഗ്യ വകുപ്പിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയതായി രക്ഷിതാവ് പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ തിയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉടന്‍ ഹാജരാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."