കാലവര്‍ഷം ജില്ലയില്‍ കൂടുതല്‍; സംസ്ഥാനത്ത് കുറവ്
കോഴിക്കോട്: തിമര്‍ത്തുപെയ്യേണ്ട കര്‍ക്കിടകത്തില്‍ ജില്ലയില്‍ അല്‍പ്പം കൂടുതല്‍ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് മഴയുടെ അളവില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 946 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 1170 മില്ലിമീറ്റര്‍ മഴ ലഭിച്ചു. എന്നാല്‍ സംസ്ഥാനമൊട്ടാകെയുള്ള കണക്കെടുക്കുമ്പോള്‍ ജൂണ്‍ മുതല്‍ ഇതുവരെ ലഭിച്ച മഴയില്‍ 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ ലഭിക്കേണ്ടിയിരുന്നത് 118 സെന്റീമീറ്റര്‍ മഴയാണ്. എന്നാല്‍ 95 സെന്റീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ആരംഭത്തില്‍ നല്ല മഴ ലഭിക്കില്ലെങ്കിലും പിന്നീട് കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വിഭാഗം നേരത്തേ അറിയിച്ചിരുന്നത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മൂന്നു മാസങ്ങളില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നും പ്രവചിച്ചിരുന്നു.
204 സെന്റി മീറ്റര്‍ മഴയാണ് ഈ കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മിക്ക ജില്ലകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞതവണയുണ്ടായ കടുത്ത വേനലിന്റെ ദുരിതമനുഭവിച്ച ജനങ്ങള്‍ ആശങ്കയോടെയാണ് മണ്‍സൂണിലെ മഴക്കുറവിനെ നോക്കിക്കാണുന്നത്. എന്നാല്‍, ചില മാസങ്ങളില്‍ മഴ കുറയുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 25ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിരുന്നെന്നും കാലാവസ്ഥാ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."