വാണിമേല്‍ പുഴ വറ്റിവരണ്ടു; പാക്വോയി പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം നിലച്ചു
വാണിമേല്‍: പുഴ വറ്റിയതിനാല്‍ പാക്വോയി പമ്പ് ഹൗസ് വഴിയുള്ള ജലവിതരണം നിലച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കുടിവെള്ളത്തിന് കാത്തിരുന്നവര്‍ നിരാശരായി.
അതേസമയം പുഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുനിന്ന് ചാലുകീറി വെള്ളമടിക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. നിലവില്‍ പഞ്ചായത്ത് വക മൂന്നു വാഹനങ്ങളില്‍ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്നുണ്ട്. പുഴയില്‍ തടയണ കെട്ടി വെള്ളം സംഭരിച്ചു വച്ചതിനാലാണ് ഇതുവരെ തടസമില്ലാതെ വെള്ളമെത്തിക്കാന്‍ കഴിഞ്ഞത്.
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന പമ്പ് ഹൗസ് വഴിയുള്ള വിതരണം കഴിഞ്ഞ തവണയും മുടങ്ങിയിരുന്നു. കുന്നുമ്മലില്‍ അനുബന്ധ പദ്ധതി കമ്മിഷന്‍ ചെയ്താല്‍ മാത്രമെ വാണിമേലിലെ ജലക്ഷാമത്തിനു പൂര്‍ണ പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും റോഡ് കീറി രണ്ടു വര്‍ഷം മുന്‍പ് പൈപ്പിട്ടിട്ടും കുന്നുമ്മല്‍ പദ്ധതി വഴിയുള്ള ജലവിതരണം തുടങ്ങിയിട്ടില്ല.
നിലവില്‍ റവന്യൂ വിഭാഗത്തിന്റെയും യൂത്ത് ലീഗിന്റെയും പഞ്ചായത്തിന്റെയും വകയിലുള്ള ജലവിതരണം ആശ്രയിച്ചാണ് പ്രദേശവാസികള്‍ കഴിഞ്ഞുവരുന്നത്. പമ്പ് ഹൗസ് വഴിയുള്ള ജലവിതരണം പുനഃസ്ഥാപിച്ചാല്‍ മാത്രമെ ജലക്ഷാമത്തിന് പരിഹാരമാകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."