പശ്ചിമേഷ്യയില്‍ യുദ്ധസാധ്യത തള്ളി വീണ്ടും സഊദി
റിയാദ്: ഇറാന്‍ ജനതയടക്കം പശ്ചിമേഷ്യയിലെ മുഴുവന്‍ ആളുകള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതിനാല്‍ മേഖലക്ക് മോശം വരുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഇറാനെതിരേ അന്താരാഷ്ട്ര സമൂഹം ഒരുമിക്കണമെന്നും സഊദി മന്ത്രിസഭ ആവശ്യപ്പെട്ടു.
സഊദി എണ്ണക്കപ്പല്‍, പമ്പിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇറാന്‍ അനുകൂല സംഘടനകള്‍ ആക്രമണം നടത്തിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ഇറാനെതിരേ യുദ്ധം വേണ്ടെന്ന ആവശ്യത്തോടെ രംഗത്തെത്തിയത്.
പശ്ചിമേഷ്യയില്‍ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭ യുദ്ധം തടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം ആവര്‍ത്തിച്ചു. ഈ മാസം 30ന് സഊദി രാജാവ് വിളിച്ചുചേര്‍ത്ത അടിയന്തര ഉച്ചകോടിയെ സംബന്ധിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും മന്ത്രിസഭ വിശകലനം ചെയ്തതായി മീഡിയ മന്ത്രി തുര്‍ക്കി അല്‍ ശബാന സഊദി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
മേഖലയുടെ സുരക്ഷയ്ക്കായി സഊദി ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മറ്റു രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സഊദിയുടെ ഉത്തരവാദിത്തമാണ് രാജ്യം നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനും അവരുടെ ഏജന്‍സികളും മേഖലയില്‍നിന്നും വിട്ടുനില്‍ക്കണം. മറ്റുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ കൈക്കടത്തുന്ന പ്രവണതകളില്‍നിന്നും അകലണം. യുദ്ധം ഒഴിവാക്കാനായി സഊദി എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കും. സഊദിയുടെ കരങ്ങള്‍ ഇപ്പോഴും സമാധാനത്തിനു വേണ്ടിയുള്ളതാണ്.
എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."