വാഹനങ്ങള്‍ ഇടിച്ച് വൈദ്യുത തൂണുകള്‍ തകരുന്നു; കെ.എസ്.ഇ.ബിക്കു നഷ്ടം ലക്ഷങ്ങള്‍
കാക്കനാട്: രാത്രികാലത്ത് വാഹനങ്ങള്‍ ഇടിച്ച് വൈദ്യുത തൂണുകള്‍ തകരുന്നതും വൈദ്യുതി മുടങ്ങുന്നതും പതിവാകുമ്പോള്‍ ഉത്തരവാദികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കെ.എസ്.ഇ.ബിക്കു ലക്ഷങ്ങളുടെ നഷ്ടം. അര്‍ധരാത്രിക്ക് ശേഷം ഉണ്ടാകുന്ന അപകടങ്ങളിലാണ് ഉത്തരവാദികളില്ലാതാകുന്നതെന്ന് വൈദ്യുതി വകുപ്പ് പറയുന്നു.
രാത്രിയും പുലര്‍ച്ചെയും അമിതവേഗത്തിലും പാതിയുറക്കത്തിലും വാഹനമോടിക്കുന്ന ഡ്രൈവര്‍മാരാണ് അപകടങ്ങള്‍ വരുത്തുന്നത്. എന്നാല്‍, കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ന്നാല്‍ അക്കാര്യം അറിയിക്കാതെ വാഹന ഉടമകളും ഡ്രൈവര്‍മാരും മുങ്ങുകയാണ് പതിവ്. അവിചാരിതമായി നാട്ടുകാരെങ്ങാനും കാണുകയോ അപകടം ഗുരുതരമാകുകയോ ചെയ്താല്‍ മാത്രമാണ് ഉത്തരവാദികള്‍ ഉണ്ടാകാറുള്ളത്. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആളില്ലാത്തതുമൂലം പല അപകടങ്ങളിലും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതിലൈനുകള്‍ പൊട്ടിയും പ്രതിമാസം ശരാശരി അഞ്ചുലക്ഷം രൂപയിലേറെ നഷ്ടം നഗരത്തില്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്.
പോസ്റ്റിന്റെ നിര്‍മാണ ചെലവ്, എത്തിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള കൂലി, അനുബന്ധ ചെലവുകള്‍ എന്നിവയ്ക്ക് പുറമെ വൈദ്യുതി വിതരണത്തിലെ തടസം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ബാധ്യത ഇരട്ടിയാകും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാക്കനാട് സിവില്‍ലൈന്‍ റോഡില്‍ പടമുകള്‍ പെട്രോള്‍ പമ്പിന് സമീപം വാഹനമിടിച്ച് പോസ്റ്റും വൈദ്യുത ലൈനും തകര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ പൊലിസിന് പരാതി നല്‍കാറുണ്ടെങ്കിലും അപകടത്തില്‍ പെട്ട വാഹനം കണ്ടെത്താന്‍ കഴിയാറില്ലെന്ന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."