പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വള്ളം മത്സ്യബന്ധനത്തിനിടെ കടലില്‍ തകര്‍ന്നു മുങ്ങി
ചേര്‍ത്തല: പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് കേടുവന്ന വള്ളം കടലില്‍ മത്സ്യബന്ധനത്തിനിടെ തകര്‍ന്നു മുങ്ങി. മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ അര്‍ത്തുങ്കല്‍ ഫിഷ് ലാന്‍ഡ് സെന്ററില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പള്ളിപ്പറമ്പില്‍ ഔസേപ്പ് കൃസാന്തിയുടെ ഉടമസ്ഥതയിലുള്ള ഉണ്ണിയേശു എന്ന വള്ളമാണ് ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കെ രാത്രി വള്ളത്തിന്റെ അടിത്തട്ട് തകര്‍ന്നു മുങ്ങിയത്. വള്ളത്തില്‍ ഉണ്ടായിരുന്ന എഴ് തൊഴിലാളികളെ മറ്റ് വള്ളങ്ങളിലെ തൊഴിലാളികളാണ് രക്ഷിച്ചത്. കാട്ടൂര്‍ നിന്നുള്ള അവകാശി എന്ന വള്ളവും അര്‍ത്തുങ്കല്‍ നിന്നുള്ള വലിയ അര രൂപ വെള്ളവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് മുങ്ങിയ വള്ളത്തെ കെട്ടിവലിച്ച് കരയില്‍ എത്തിച്ചു. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കവേ പോസ്റ്റിലും മരതൂണുകളിലും ഇടിച്ച് പൊട്ടലുണ്ടായ വള്ളം ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് മത്സ്യബന്ധനത്തിന് പോയത്. വള്ളത്തിനടിയിലെ ഫൈബര്‍ പാളികള്‍ തകര്‍ന്നതാണ് വള്ളം അപകടത്തില്‍ പെടുവാന്‍ ഇടയായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യബന്ധനത്തിന് പോകുവാന്‍ പറ്റാത്തവിധം പൂര്‍ണമായി തകര്‍ന്ന വള്ളത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കുവാന്‍ ജില്ലാ ഭരണകൂടവും ഫിഷറീസ് വകുപ്പും തയ്യാറാവണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."