വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മുന്‍കാലങ്ങളില്‍ ഓപറേറ്റ് ചെയ്തിരുന്ന മുഴുവന്‍ ഓഡിനറി സര്‍വിസുകളും പുനഃക്രമീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടര്‍ എം.പി ദിനേശ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയിരുന്ന എല്ലാ ട്രിപ്പുകളും ഇത്തവണയും ഉണ്ടായിരിക്കും. കൂടാതെ പുതുതായി തുടങ്ങിയ 136 ഓര്‍ഡിനറി ചെയിന്‍ സര്‍വിസുകളും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തിരക്ക് ക്രമീകരിക്കുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിക്കും.
ഗതാഗതക്കുരുക്കില്‍പ്പെടുന്ന ബസുകളെ കൃത്യമായ ഇടവേളകളില്‍ ക്രമീകരിച്ച് സര്‍വിസ് അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്.
ജൂണ്‍ ഒന്നു മുതലാണ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ യാത്ര അനുവദിച്ചിരിക്കുന്നതെങ്കിലും സ്‌കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാനും കണ്‍സഷന്‍ ടിക്കറ്റ് വിതരണത്തില്‍ കാലതാമസം ഒഴിവാക്കാനും ഈ മാസം 25 മുതല്‍ തന്നെ എല്ലാ ഡിപ്പോകളിലും കണ്‍സഷന്‍ കൗണ്ടറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.
വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് ഡോക്കിലുള്ള പരമാവധി ബസുകള്‍ നിരത്തിലിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും എം.പി ദിനേശ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."