മദ്യവുമായെത്തിയ വാഹനം ജനം തടഞ്ഞു
ഫറോക്ക് : കടുത്ത പ്രതിഷേധത്തിനിടെ പ്രവര്‍ത്തനം ആരംഭിച്ച കോട്ടക്കടവിലെ ബിവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റിലേക്ക് മദ്യവുമായി എത്തിയ വാഹനം ജനങ്ങള്‍ തടഞ്ഞു.വാഹനത്തിലുണ്ടായിരുന്ന ബിവറേജ് കോര്‍പറേഷന്‍ ജീവനക്കാര്‍ തടയാനെത്തിയ ജനപ്രതിനിധികളെ കൈയേറ്റം ചെയ്തു. മര്‍ദനത്തില്‍ കടലുണ്ടി പഞ്ചായത്ത് 18ാം വാര്‍ഡ് മെമ്പര്‍ അഡ്വ. ഷാഹിദിന് പരുക്കേറ്റു.
ഇന്നലെ വൈകിട്ടു അഞ്ചോടെ കല്ലമ്പാറ പാലത്തിനു സമീപമാണ് സംഭവം. ഫറോക്കില്‍ നിന്നും പോലിസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷമാണ് മദ്യം കയറ്റിയ വാഹനം പോയത്. ജനപ്രിതിനിധികളെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചു മദ്യവിരുദ്ധസമിതി ഇന്നു കടലുണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മദ്യശാല തുറക്കുന്നതിനെതിരേ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് മദ്യവില്‍പ്പന ആരംഭിച്ചത്.
പ്രദേശത്തെ മദ്യപാനികളെയും ഒരുകൂട്ടം ഗുണ്ടകളെയും സംഘടിച്ചു നിര്‍ത്തിയാണ് ഇവിടെ മദ്യവില്‍പ്പന ആരംഭിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു.
മദ്യവില്‍പ്പനക്ക് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് പോലും വാങ്ങിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കെട്ടിടത്തിനുളളില്‍ വില്‍പ്പനക്കു വേണ്ട കംപ്യൂട്ടറുകളോ കൗണ്ടറുകളോ തയാറാക്കാതെയാണ് വില്‍പ്പന തുടങ്ങിയത്. ചട്ടങ്ങള്‍ പാലിക്കാതെ ആരംഭിച്ച മദ്യശാലക്കെതിരായുളള സമരത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഔട്ട്‌ലെറ്റിലേക്ക് മദ്യവുമായി വാഹനം എത്തുന്നുണ്ടെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനം സംഘടിച്ചെത്തി വാഹനം കല്ലമ്പാറ പാലത്തിനു സമീപം തടയുകയായിരുന്നു. 140 കെയ്‌സ് മദ്യകുപ്പിയുമായി വെളളയില്‍ നിന്ന് വന്ന നിസാന്‍ പിക്കപ്പാണ് തടഞ്ഞത്.
തുടര്‍ന്ന് ബ്ലോക്ക് മെംബര്‍ എന്‍.കെ ബിച്ചിക്കോയ, പഞ്ചായത്ത് മെമ്പര്‍മാരായ ഹെബീഷ് മാമ്പയില്‍, അഡ്വ. ഷാഹിദ് കടലുണ്ടി, ജമാല്‍, ഷാഹുല്‍ ഹമീദ് പട്ടത്താനം, കെ.പി ജലീല്‍, റഹ്മത്ത് എന്നിവരെ പൊലിസ് അറസ്റ്റു ചെയ്ത് നീക്കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."