മൊബൈല്‍ ടവറിനെതിരേ ഗ്രാമവാസികള്‍ സമരത്തിലേക്ക്
വാടാനപ്പള്ളി: നടുവില്‍ക്കരയിലെ ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ ഗ്രാമവാസികള്‍ പ്രക്ഷോഭത്തിലേക്ക്. ഇതിനെതിരേ സമരസമിതിക്കു രൂപം നല്‍കി. വിവിധ പാര്‍ട്ടിക്കാര്‍ പ്രവര്‍ത്തനം തടഞ്ഞു സ്ഥലത്ത് കൊടികുത്തി.
ഗ്രാമവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജവാന്‍ കോളനിക്കു സമീപമാണ് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത്. പ്രദേശത്ത് സ്‌കൂളും മസ്ജിദും മദ്‌റസയും ക്ഷേത്രവുമുണ്ട്. ടവര്‍ വന്നാല്‍ റേഡിയേഷന്‍ മൂലം കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണു ഗ്രാമവാസികള്‍ സംഘടിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് രോഗം വരുത്തുന്ന ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
കോണ്‍ഗ്രസ്, സി.പി.ഐ, ബി.ജെ.പി, ജനതാദള്‍ അടക്കമുള്ള പാര്‍ട്ടികളാണു സ്ഥലത്ത് കൊടിനാട്ടിയത്. ടവര്‍ സ്ഥാപിക്കാന്‍ തുനിഞ്ഞാല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമരസമിതിക്കു രൂപം നല്‍കി. വാര്‍ഡ് അംഗം സി.പി.എമ്മിലെ വി.ജി അനില്‍ ലാല്‍ ചെയര്‍മാനും കെ.വി മനോജ് കുമാര്‍ കണ്‍വീനറുമാണ്. ഒറ്റക്കെട്ടായ സമരത്തിന് മുന്നോടിയായി ഇന്നു വൈകിട്ട് നാലിനു സമീപമുള്ള പുത്തില്ലത്ത് ക്ഷേത്ര പരിസരത്ത് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ നേതാവ് അഷറഫ് വലിയകത്ത്, ബി.ജെ.പി നേതാവ് കെ.എസ് ധനീഷ്, ജനതാദള്‍ നേതാവ് ജുബുമോന്‍ വാടാനപ്പള്ളി, ലീഗ് നേതാവ് പി.എ സുലൈമാന്‍, ആര്‍.എം.പി.ഐ നേതാവ് കെ.എസ് ബിനോജ്, ആം ആദ്മി നേതാവ് ഡോ. ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം ബിന്ദു ശശികുമാര്‍, അനില്‍ ലാല്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."