അസര്‍ബൈജാന്‍ - അര്‍മേനിയ; മുറിപ്പാടുകളുയര്‍ത്തി മുറുകുന്ന യുദ്ധം
പഴയ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും യുദ്ധം മുറുകുകയാണ്. 1991ല്‍ സോവിയറ്റ് റഷ്യയില്‍ നിന്ന് സ്വതന്ത്രരായ അസര്‍ബൈജാനും അര്‍മേനിയയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ- കരാബാഖ് പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. കൗകാസസ് പ്രവിശ്യയില്‍ ഭൂരിപക്ഷം അര്‍മേനിയക്കാര്‍ താമസിക്കുന്ന സ്വതന്ത്രാധികാരമുള്ള ഈ പ്രദേശം ഔദ്യോഗികമായി അസര്‍ബൈജാനാണെന്ന് രാജ്യാന്തരമായി അംഗീകരിക്കപ്പെട്ടതാണ്. ഇപ്പോഴത്തെ യുദ്ധം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭ, നാറ്റോ, യൂറോപ്യന്‍ സുരക്ഷാ സഹകരണ സംഘടന തുടങ്ങിയ ശക്തികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരശ്ശീലയ്ക്കു പിറകിലാണെങ്കിലും റഷ്യ, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ താല്‍പര്യങ്ങളുമായി യുദ്ധമുന്നണിയിലുണ്ട്. അര്‍മേനിയക്കകത്ത് അസര്‍ബൈജാനും അസര്‍ബൈജാനകത്ത് അര്‍മേനിയയും ഭരിക്കുന്ന പ്രദേശങ്ങളെ ചൊല്ലിയാണ് കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഇരുഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതിനു വേണ്ടി അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ജനീവയില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
പോരാട്ടത്തിന്റെ ചരിത്രം
ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയയും മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാനും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനു വംശീയവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്കിടയിലെ സംഘട്ടനത്തിനു വിത്തുപാകിയത് സോവിയറ്റ് യൂണിയന്റെ സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്‍ തന്നെയായിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം കമ്മ്യൂണിസ്റ്റ് റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം അന്നത്തെ സോവിയറ്റ് ഭരണകര്‍ത്താക്കളുടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി നഗോര്‍ണോ-കരാബാഖ് സ്വതന്ത്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ എന്നെന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കണമെന്നും അവര്‍ യാതൊരുകാരണവശാലും ഒന്നിച്ചുനില്‍ക്കരുതെന്നും കമ്മ്യൂണിസ്റ്റ് ഭരണകൂടം അന്നേ ലക്ഷ്യമിട്ടിരുന്നു.
1920ല്‍ അര്‍മേനിയന്‍ ഭൂരിപക്ഷത്തെ നിലനിര്‍ത്തികൊണ്ടാണ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് അസര്‍ബൈജാന്‍ സ്ഥാപിക്കുന്നത്. 1980ല്‍ സോവിയറ്റ് പതനത്തെ തുടര്‍ന്ന് ഈ രാജ്യങ്ങളുടെ നിയന്ത്രണവും സോവിയറ്റ് യൂണിയനു നഷ്ടമായി. ഈ പ്രദേശങ്ങള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമായി. സോവിയറ്റ് റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അടച്ചുകെട്ടിയ ഏതാനും പ്രദേശങ്ങളുടെ അധികാരം വിചിത്രമായ രീതിയിലാണ് അവര്‍ കൈമാറിയത്. നഗോര്‍ണോ - കരാബാഖ് എന്ന പ്രദേശവും അതിനു ചുറ്റുമുള്ള ഏഴു പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അവിടെ ഭൂരിപക്ഷം അര്‍മേനിയക്കാരാണ് താമസിക്കുന്നത്. പക്ഷേ നിയമപരമായ അവകാശം അസര്‍ബൈജാനാണ്. 1991ലെ അസര്‍ബൈജാന്‍ സ്വാതന്ത്ര്യത്തിനു തൊട്ടുടനെ നഗോര്‍ണോ-കരാബാഖ് പ്രദേശത്തിനുവേണ്ടി അര്‍മേനിയ മുറവിളികൂട്ടുകയും തുടര്‍ന്ന് വലിയ സംഘട്ടനങ്ങളുണ്ടാവുകയും ചെയ്തു. നഗോര്‍ണോ - കരാബാഖും ചുറ്റുമുള്ള അതിര്‍ത്തി പ്രദേശങ്ങളും അര്‍മേനിയക്ക് വിട്ടുകൊടുക്കണമെന്ന് അവര്‍ ജനഹിതമുണ്ടാക്കിയെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ അസര്‍ബൈജാന്‍ തയാറായിരുന്നില്ല.
1990 കളില്‍ അര്‍മേനിയന്‍ ദേശീയപട്ടാളം അഞ്ചു ശതമാനം അതിര്‍ത്തിപ്രദേശങ്ങള്‍ പിടിച്ചടക്കി. തുടര്‍വര്‍ഷങ്ങളിലും അര്‍മേനിയന്‍ പട്ടാളം നരഹത്യയും പിടിച്ചടക്കലും തുടര്‍ന്നു. ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ പരിഹാരമാവാതെ 1994ല്‍ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ അന്താരാഷ്ട്ര ശക്തികള്‍ പ്രദേശം അസര്‍ബൈജാന്റെ ഭാഗമായി പ്രഖ്യാപിക്കുകയും അതിനു നിയമസാധുത നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും തര്‍ക്കഭൂമിക്കു ചുറ്റുമുള്ള ഭൂരിഭാഗം പ്രദേശങ്ങളുടെ നിയന്ത്രണം അര്‍മേനിയന്‍ ഭരണകൂടത്തിനായിരുന്നുവെന്നതാണ് വിചിത്രം.
അര്‍മേനിയയുടെ ലക്ഷ്യം
ഇക്കഴിഞ്ഞ ജൂലൈയില്‍ പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രദേശമായ തോവൂസ് ആക്രമണത്തിനു തൊട്ടുപിറകെ നഗോര്‍ണോ - കരാബാഖ് ആക്രമണവും അര്‍മേനിയ ലക്ഷ്യമാക്കിയിരുന്നുവെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തപ്പെടുന്നത്. തോവൂസ് പ്രദേശം നഗോര്‍ണോ - കരാബാഖിനു 100 കി.മി അകലെയുള്ള അസര്‍ബൈജാന്റെ ഊര്‍ജവഴിയാണ്. സംഘര്‍ഷ പ്രദേശങ്ങളില്‍ അര്‍മേനിയക്കാരും അസര്‍ബൈജാനികളും സമാധാനത്തോടെയായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ 1988 മുതലാണ് അര്‍മേനിയ ജനങ്ങള്‍ക്കിടയില്‍ ദേശീയതാബോധം കുത്തിവച്ചുകൊണ്ട് വിഭാഗീയ ചിന്തകള്‍ക്ക് തുടക്കം കുറിച്ചത്. ഇത് ആഭ്യന്തരമായി ചേരികളുണ്ടാക്കുന്നതിലാണ് കലാശിച്ചത്. സ്വതന്ത്രപ്രദേശങ്ങളിലെ ആളുകളെ അര്‍മേനിയക്കൊപ്പം നിര്‍ത്താനായിരുന്നു ഈ ചെയ്തികള്‍. 1915ല്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് ഉസ്മാനിയ്യ സാമ്രാജ്യം നടത്തിയതായി ആരോപിക്കുന്ന വംശഹത്യ ഇടക്കിടെ ലോകത്തിനുമുന്നില്‍ കൊണ്ടുവരുകയും അതിന്റെ പിന്തുടര്‍ച്ചക്കാരായ തുര്‍ക്കിയാണ് അസര്‍ബൈജാനെ പിന്തുണക്കുന്നതെന്ന് വിളിച്ചുപറഞ്ഞുമാണ് അര്‍മേനിയ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്. വിദ്വേഷത്തിന്റെ പഴയ മുറിപ്പാടുകള്‍ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഇടക്കിടെ ലോകത്തിന്റെ മുന്നിലവതരിപ്പിച്ച്, രണ്ടു നാഗരികതകള്‍ക്കിടയില്‍ അകല്‍ച്ചയുടെ ആഴങ്ങള്‍ സൃഷ്ടിക്കാന്‍ എന്നും അര്‍മേനിയ ശ്രമിച്ചതാണ് ചരിത്രം. അതിപ്പോഴും തുടരുന്നതില്‍ അത്ഭുതമില്ല.
തുര്‍ക്കി അസര്‍ബൈജാനെ
പിന്തുണയ്ക്കുമ്പോള്‍
1991ല്‍ അസര്‍ബൈജാന്‍ സ്വതന്ത്രമായപ്പോള്‍ ആദ്യം പിന്തുണച്ച രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിക് കൗണ്‍സിലെ (തുര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ സഖ്യം) അംഗരാജ്യമാണെന്ന നിലയില്‍ തുര്‍ക്കിയുമായി എന്നും സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് അസര്‍ബൈജാന്‍. 2010 മുതല്‍ തുര്‍ക്കിയുടെ സൈനികത്താവളം അസര്‍ബൈജാനിലുണ്ട്. അവരുമായുള്ള സൗഹൃദത്തെ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം ഹൈദര്‍ അലിയേവ് വിശേഷിപ്പിക്കുന്നത് 'രണ്ട് രാജ്യങ്ങളും ഒരു ജനതയും' എന്നാണ്. അസര്‍ബൈജാനെ തുര്‍ക്കി പിന്തുണക്കുന്നുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ ആഘോഷിക്കുന്നത് രണ്ട് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ആധിപത്യ ശക്തിയായുള്ള തുര്‍ക്കിയുടെ വളര്‍ച്ചയിലുള്ള ഈര്‍ഷ്യത, അര്‍മേനിയയോട് അമേരിക്കയും യൂറോപ്പും പുലര്‍ത്തുന്ന മൃദുസമീപനം എന്നിവയാണ് അത്.
അര്‍മേനിയ വംശഹത്യ ഉയര്‍ത്തിക്കാട്ടുന്നതിനോട് തുര്‍ക്കിക്ക് യോജിപ്പില്ല. എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും ഒന്നാം ലോകമഹായുദ്ധത്തില്‍ അര്‍മേനിയക്കാര്‍ മാത്രമല്ല തുര്‍ക്കികളും അറബികളും കുര്‍ദുകളും മറ്റു ഒട്ടേറേ വംശങ്ങളും മരണമടഞ്ഞിട്ടുണ്ടെന്നും ഒരുവിഭാഗത്തെ എടുത്തുപറഞ്ഞ് മതവികാരം ആളികത്തിക്കാനാണു കാലങ്ങളായി അവര്‍ ശ്രമിക്കുന്നതെന്നുമാണ് തുര്‍ക്കി അവകാശപ്പെടുന്നത്. അതേസമയം അസര്‍ബൈജാനില്‍ തുര്‍ക്കിക്ക് കൃത്യമായ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്നാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ആരോപിക്കുന്നത്. അസര്‍ബൈജാനില്‍ നിന്നുള്ള പ്രകൃതിവാതകം വിലകുറച്ച് വാങ്ങാനുള്ള സഖ്യമാണിതെന്നും നിലവിലുള്ള റഷ്യന്‍ കരാര്‍ റദ്ദാക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അസര്‍ബൈജാന്റെ നിയമപരമായ സാധ്യതകള്‍ അംഗീകരിക്കുന്ന സമാധാനപരമായ ഏതുപരിഹാരത്തെയും പിന്തുണക്കുമെന്നാണ് തുര്‍ക്കി പ്രസിഡന്റിന്റെ കാര്യാലയം അറിയിക്കുന്നത്
അര്‍മേനിയക്കൊപ്പം റഷ്യ
റഷ്യയുടെ പശ്ചിമേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ സൈനികത്താവളം അര്‍മേനിയയിലാണ്. അതുകൊണ്ടുതന്നെ എല്ലാ സഹായവും വഗ്ദാനം ചെയ്ത് അവര്‍ക്കൊപ്പം നിലയുറപ്പിച്ച റഷ്യ ഈ സംഘട്ടനങ്ങളില്‍ വലിയ സാധ്യതകളാണ് കാണുന്നത്. തങ്ങള്‍ക്കു നഷ്ടപ്പെട്ട ഭൂമിയത്രയും തിരിച്ചുവാങ്ങിത്തരാമെന്ന് റഷ്യ അര്‍മേനിയക്ക് നേരത്തെ വാക്ക് കൊടുത്തിരുന്നു. അസര്‍ബൈജാന്റെ എണ്ണബലം വര്‍ധിക്കുന്നതിനനുസരിച്ച് തങ്ങളുടെ പക്കല്‍നിന്ന് അവര്‍ ആയുധം വാങ്ങിക്കൂട്ടുന്നതാണ് റഷ്യയുടെ ഒന്നാമത്തെ നേട്ടം. സാമ്പത്തികമായും രാഷ്ട്രീയമായും വലിയ സ്വാധീനമുള്ള അസര്‍ബൈജാന്റെ പുതിയ പൈപ്പ്‌ലൈന്‍ റഷ്യയുടേതിനോട് കിടപിടിക്കുന്നതിനാല്‍ മേഖലയില്‍ നിന്നുള്ള കച്ചവടസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് റഷ്യ കരുതുന്നുണ്ട്. സിറിയയിലും ലിബിയയിലും തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത തുര്‍ക്കിയെ ഒന്നുകില്‍ ഒരു പാഠം പഠിപ്പിക്കുകയൊ അല്ലെങ്കില്‍ ലിബിയ - സിറിയ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനോ റഷ്യ ഒരുങ്ങുന്നുണ്ടാകാം. തെരഞ്ഞെടുപ്പു ചൂടിലായ അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും ഇടപെടാതിരിക്കുന്നപക്ഷം മേഖലയില്‍ അവരുടെ ശക്തി തെളിയിക്കാന്‍ പറ്റിയ അവസരമായും ഈ യുദ്ധത്തെ കാണുന്നു. എന്നാല്‍ തുര്‍ക്കി റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംഘര്‍ഷത്തിന്റെ സ്വഭാവമനുസരിച്ച് മേഖലയില്‍ യുദ്ധം തുടരാനാണ് സാധ്യതയെന്ന് ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പ് പോലുള്ള സംഘടനകള്‍ അഭിപ്രായപ്പെടുന്നു. പ്രശ്‌നമവസാനിക്കണമെങ്കില്‍ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടായേ മതിയാകൂ. സാമ്രാജ്യശക്തികളുടെ താല്‍പര്യത്തിനനുസരിച്ച പരിഹാരമല്ല, അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കി ഘടനാപരമായ മാറ്റമാണുണ്ടാകേണ്ടത്. ഇരുരാജ്യങ്ങളുടെ അവകാശങ്ങളെയും അതിര്‍ത്തി നിയമങ്ങളെയും മാനിച്ചുകൊണ്ട് നീതിപൂര്‍വമായ പരിഹാരമുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. തലമുറകളിലൂടെ വന്ന ഈ അനിശ്ചിതത്വത്തിനു അറുതിവരുത്തിയുള്ള രാഷ്ട്രീയ പരിഹാരത്തിനാണ് ലോകം കാതോര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."