അട്ടപ്പാടിയിലെ ഊരുകളില്‍ ആരോഗ്യ- ശുചിത്വ സന്ദേശ യാത്രയുമായി ആദിവാസി യുവാക്കള്‍
ഊരുകളിലെ കലാവതരണത്തിനു ശേഷം ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഊരുകാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയും. മൂന്നു ഗ്രൂപ്പുകളിലായി 33 ളം ആദിവാസി യുവതി യുവാക്കളാണ് ഗ്രൂപ്പുകളിലുള്ളത്
പാലക്കാട്: ''യൂണിസെഫി''ന്റേയും ആദിവാസി കൂട്ടായ്മയായ ''തമ്പ്''-ന്റെയും നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ ശുചിത്വ സന്ദേശയാത്ര അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ പുരോഗമിക്കുന്നു.
ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയിലൂന്നിയുള്ള സന്ദേശങ്ങള്‍ തനിത് ഭാഷയില്‍, ഗോത്രകലാരൂപങ്ങളിലൂടെ ആദിവാസിജനതയില്‍ എത്തിക്കുക എന്നതാണ് പ്രസ്തുത പരിപാടിയിലൂടെ യൂണിസെഫും തമ്പും ലക്ഷ്യമിടുന്നത്. സന്ദേശ യാത്ര പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 60 ളം ഊരുകളില്‍ കലാസന്ദേശ യാത്ര പര്യടനം നടത്തിക്കഴിഞ്ഞു.
ഊരുകളിലെ കലാവതരണത്തിനു ശേഷം ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഊരുകാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയും. മൂന്നു ഗ്രൂപ്പുകളിലായി 33 ളം ആദിവാസി യുവതി യുവാക്കളാണ് ഗ്രൂപ്പുകളിലുള്ളത്. കുമ്മിയാട്ടം, വായ്‌മൊഴി ഗാനങ്ങള്‍ എന്നിവ പറ, ദവില്‍ എന്നിവയുടെ അകമ്പടിയോടെ ആരോഗ്യ ബോധവല്ക്കരണ സന്ദേശങ്ങള്‍ ജനതയിലെത്തിക്കുകയാണ് സന്ദേശ യാത്രയുടെ ലക്ഷ്യം. ആദ്യഘട്ടം തനത് ഭാഷയിലുള്ള കലാവതരണമാണെങ്കില്‍ രണ്ടാംഘട്ടം പോസ്റ്റര്‍ ക്യാമ്പയിനും, മൂന്നാംഘട്ടം വീടുവീടാന്തരം കയറിയുള്ള ക്യാമ്പയിനുമാണ് ലക്ഷ്യമിടുന്നതെന്ന് ''തമ്പ് ''പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
പാലക്കാട് അട്ടപ്പാടി കൂടാതെ കണ്ണൂര്‍, വയനാട് ജില്ലകളിലും ''യൂണിസെഫിന്റെയും ''തമ്പിന്റേയും നേതൃത്വത്തില്‍ തനത് ഭാഷയിലുള്ള സന്ദേശയാത്ര അവിടുത്തെ ആദിവാസി യുവതി യുവാക്കള്‍ ചെയ്യുന്നുണ്ട്. വടക്കന്‍ കേരളത്തിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് ശുചിത്വ- ആരോഗ്യ സന്ദേശ യാത്ര നടത്തുന്നത്.
മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ഐ. സി. ഡി. എസ് ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനകള്‍ എന്നിവര്‍ സന്ദേശ യാത്രകളില്‍ പങ്കാളികളാകുന്നുണ്ട്. അട്ടപ്പാടി മേഖലയിലെ സന്ദേശ യാത്ര വടകോട്ടത്തറ ഊരില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അംഗം പ്രജാ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
അഗളി പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അംഗം രേണുക മുരുകദാസ് ,അഗളി ബ്ലോക്ക് പഞ്ചായത്ത് വികസന ക്ഷേമ സ്ഥിരകാര്യസമിതി അംഗം സുമതി സുബ്രഹ്മണ്യം , തമ്പ് പ്രതിനിധി കെ. എ. രാമു. എസ്. എസ്. കാളിസ്വാമി പ്രസംഗിച്ചു. ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് മുഖ്യ പ്രഭാഷണം നടത്തി.
അട്ടപ്പാടിയിലെ ആദിവാസി ഭാഷയില്‍ ഊരുതല നാടകം ചിട്ടപ്പെടുത്തിയത് കെ. ശിവാളും വയനാട്ടിലെ നാടകം ചിട്ടപ്പെടുത്തിയത് നാടക സംവിധായകന്‍ അജയ് പനമരവുമാണ്. അട്ടപ്പാടിയില്‍ കെ. എ രാമുവും വയനാട്ടില്‍ സജി കനവും, കണ്ണൂരില്‍ സുരേഷ്ബാബുവും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."