സഞ്ചാരികളുടെ മനം കവര്‍ന്ന് ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം
പയ്യന്നൂര്‍: ചെറുതും വലുതുമായ പാറക്കല്ലുകള്‍ക്കിടയിലൂടെ ഒഴുകിയെത്തി 120 അടി താഴ്ചയിലേക്കു പതിക്കുന്ന ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കു വിരുന്നൊരുക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സഞ്ചാരികളാണു ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തുന്നത്.
ഉള്‍ഗ്രാമത്തിലെ പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തിനൊപ്പം അപകട സാധ്യതയില്ലാത്തതുമാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ ചൂരലിനു സമീപത്തായാണ് ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം. മണ്‍സൂണ്‍ ആരംഭം മുതല്‍ കടുത്ത വേനല്‍ ആരംഭിക്കുന്ന ജനുവരി വരെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. പക്ഷെ മണ്‍സൂണ്‍ കാലത്തുണ്ടാകുന്ന ശക്തമായ വെള്ളച്ചാട്ടം അവസാന മാസങ്ങളില്‍ ആസ്വദിക്കുക പ്രയാസമാകും. അതു കൊണ്ടു തന്നെ ഈ കാലയളവിലാണു സഞ്ചാരികള്‍ അധികവും എത്തുന്നത്.
ഹരിതീര്‍ഥക്കരയിലേക്ക് സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇതിനു വേണ്ടുന്ന പരിഗണന നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്ന് ആരോപണമുണ്ട്. ഇവിടേക്കു സുഗമമായി എത്തിപ്പെടുന്നതിനും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും പരിമിതികളുണ്ട്. ദിശാ ബോര്‍ഡുകള്‍ എവിടെയുമില്ല.
ഈ പ്രശ്‌നങ്ങള്‍ക്കി പരിഹാരം കാണാന്‍ ഹരിതീര്‍ഥക്കര സംരക്ഷണ സമിതിക്കു രണ്ടു ദിവസം മുമ്പ് രൂപം നല്‍കിയിട്ടുണ്ട്. കുളിക്കാനെത്തുന്നവരില്‍ എന്തെങ്കിലും തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതു കര്‍ശനമായി നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."