ഈ ആശുപത്രികളെ ആരു ചികിത്സിക്കും ?
ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ രണ്ടോ, മൂന്നോ ഗവ.ജനറല്‍ ആശുപത്രികള്‍ വേണം മലപ്പുറം ജില്ലയില്‍. എന്നാല്‍ മരുന്നിനുപോലുമില്ല ഒന്ന്. മൂന്ന് ജില്ലാ ആശുപത്രികളുണ്ട്. മൂന്നിടത്തും ബോര്‍ഡ് മാറ്റി സ്ഥാപിച്ചതൊഴിച്ചാല്‍ സംവിധാനങ്ങള്‍ നാമമാത്രം. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. കൊവിഡ് വ്യാപനത്തിലും മുന്നില്‍. ബെഡ് പോപ്പുലേഷന്‍ അനുപാതം ഏറ്റവും ഭയാനകമായ ജില്ലയും മലപ്പുറം തന്നെ. എന്നാല്‍ ചികിത്സാരംഗത്തു വളരെ പിറകിലാണ്. ഈ അവഗണനക്ക് അറുതിവരുത്താനാണ് 501 ബെഡുകളുള്ള ഏക ജനറല്‍ ആശുപത്രി 2013ല്‍ ഗവ. മെഡിക്കല്‍ കോളജായി ഉയര്‍ത്തിയത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ടായിരുന്നു ഉദ്ഘാടനം. എന്നാല്‍ ജനറല്‍ ആശുപത്രി നഷ്ടമായ ശേഷം പ്രതീക്ഷയര്‍പ്പിച്ച മെഡിക്കല്‍ കോളജ് ഇന്ന് ചികിത്സാ പിഴവുകളുടേയും അധികൃത അനാസ്ഥകളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു.
രണ്ടുവര്‍ഷത്തിനിടെ പ്രസവചികിത്സക്കിടെ ഏഴു കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. നിലവില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാണെങ്കിലും വീഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ സൗകര്യമില്ലെന്നുപറഞ്ഞു തിരിച്ചയച്ച കോട്ടക്കല്‍ സ്വദേശിനിയും ചികിത്സ ലഭിക്കാതെ മരിച്ചു. 46 വെന്റിലേറ്ററുകളുണ്ടങ്കിലും ഉപയോഗത്തുലള്ളത് 11 എണ്ണം മാത്രം. കൊവിഡ് പോസിറ്റീവ് കിഡ്‌നി രോഗികളുടെ ദുരിതമാണ് വീഴ്ച്ചകളില്‍ ഒടുവിലത്തേത്.
യു.ഡി.എഫ് സര്‍ക്കാര്‍
തീരുമാനത്തെ അട്ടിമറിച്ചത്
ഇടതു സര്‍ക്കാരെന്ന് എം.എല്‍.എ
മഞ്ചേരിയില്‍ അസ്തമിച്ച ജനറല്‍ ആശുപത്രിക്കും, പണികഴിഞ്ഞ് തുറക്കാനിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കും പകരമായാണ് ഗവ.മെഡിക്കല്‍ കോളജ് പ്രതിഷ്ഠിക്കപ്പെട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസവും അനുബന്ധമായ ഗവേഷണങ്ങളുമാണ് മെഡിക്കല്‍ കോളജുകളുടെ മുഖ്യലക്ഷ്യം. എന്നാല്‍ ചികിത്സയും രോഗപ്രതിരോധ സംവിധാനങ്ങളുമാണ് ജനറല്‍ ആശുപത്രി ലക്ഷ്യമിടുന്നത്.
ഏക ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജാക്കിയതോടെ ഈ രണ്ടു ലക്ഷ്യങ്ങളും നിറവേറ്റപ്പെട്ടില്ല. പുതിയ ജനറല്‍ ആശുപത്രി യാഥാര്‍ഥ്യമായതുമില്ല. ചെരണിയില്‍ ജനറല്‍ ആശുപത്രിക്കായി 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ 10കോടി രൂപ നീക്കിവെച്ചു. പഠിക്കാന്‍ ഇന്‍ക്വലിനെ ചുമതലപ്പെടുത്തി. പിന്നീട് ഒരുനീക്കവും ഉണ്ടായില്ല. മെഡിക്കല്‍ കോളജില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ജനറല്‍ ആശുപത്രിക്കായുള്ള നിര്‍ദിഷ്ട സ്ഥലം. മെഡിക്കല്‍ കോളജ് ജനറല്‍ ആശുപത്രിയായി വര്‍ത്തിക്കുമെന്നതിനാല്‍ മറ്റൊരു ജനറല്‍ ആശുപത്രി നടപ്പാക്കാനാവില്ലന്നു കാണിച്ചായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനത്തെ സര്‍ക്കാര്‍ അട്ടിമറിച്ചതെന്നാണ് അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ പറയുന്നത്.
ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒട്ടും താല്‍പര്യം കാണിക്കാത്തതാണ് യഥാര്‍ഥപ്രശ്‌നം. മറ്റു ജില്ലകളിലൊന്നും ഇത്തരം ന്യായങ്ങള്‍ പറഞ്ഞു ജനറല്‍ ആശുപത്രിയെ ഒഴിവാക്കിയിട്ടില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ക്കുന്നു.
ജനറല്‍ ആശുപത്രി
ഇല്ലാത്തതിന്റെ നഷ്ടങ്ങള്‍
മലപ്പുറം ജില്ലക്കൊരു ഗവ.ജനറല്‍ ആശുപത്രിയില്ലാത്തത് ആരോഗ്യരംഗത്ത് വരുത്തിവെച്ചത് ഒട്ടേറെ നഷ്ടങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ ബോര്‍ഡിനു കീഴില്‍ എം.ഡി, എം.എസിനു തുല്യമായ ഡി.എന്‍.ബി പി.ജി കോഴ്‌സുകള്‍ തുടങ്ങാനായില്ല. ജനറല്‍ ആശുപത്രി നിലവിലില്ലാത്തതു കൊണ്ടാണിത്. മെഡിക്കല്‍ കോളജുകളില്‍ ഈ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുവാദമില്ല.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി കാഡര്‍ നടപ്പാക്കിയപ്പോള്‍ ജനറല്‍ ആശുപത്രിയില്ലെന്ന കാരണത്താല്‍ നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകളും ജില്ലക്കുനഷ്ടമായി. ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍(ഫിസിയാട്രി ഫിസിയോതെറാപ്പി) വിഭാഗവും ഇതേ കാരണത്താല്‍ അവഗണിക്കപ്പെട്ടു.
മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനു ആവശ്യമില്ലാത്തുകൊണ്ട് മറ്റൊരു വിഭാഗമായ റേഡിയേഷന്‍ ഓങ്കോളജിയും നഷ്ടപ്പെട്ടു. മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സയുണ്ടങ്കിലും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് രോഗികള്‍.
മതിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോ, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരോ ഇവിടെയില്ല. ജനറല്‍ ആശുപത്രി ഇല്ലെന്നതിനാല്‍ പൊതുജനാരോഗ്യ ജീവനക്കാരെ ആവശ്യപ്പെടാനും വയ്യ.
അതേസമയം മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും സംയുക്തമായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിന്നും മാറി രണ്ടും പ്രത്യേക ആശുപത്രികളായി നിലനിന്നാല്‍ മാത്രമേ ജില്ലയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അറിതിയാകൂ എന്നാണ് വിദഗ്ധാഭിപ്രായം.
റഫര്‍ ചെയ്യാനായി
വേണോ ഒരാശുപത്രി?
സ്ഥലപരിമിതി പറഞ്ഞു അത്യഹിത വിഭാഗത്തില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് മഞ്ചേരിയില്‍ പതിവാണ്. കൊവിഡ് ആശുപത്രി ആവുന്നതിനു മുന്‍പും തഥൈവ. റഫര്‍ ചെയ്യുമ്പേള്‍ പാലിക്കേണ്ട ചട്ടങ്ങളും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇത്തരം ഗുരുതരമായ വീഴ്ച്ചയാണ് ഈയിടെ ഇരട്ടഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനടക്കം പൊലിയാനിടയാക്കിയത്.
ജനറല്‍ ആശുപത്രി നഷ്ടപ്പെട്ടതിനാല്‍ ഒട്ടേറെ ഡിപ്പാര്‍ട്ട്‌മെന്റുകളും നഷ്ടപ്പെട്ടു. എമര്‍ജന്‍സി ശസ്ത്രക്രിയക്കുള്ള തിയേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനില്ലാതായി. ന്യൂറോ സര്‍ജറിയടക്കമുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റിയും ഇല്ല. ജീവനക്കാരുടെ കുറവും റഫറല്‍ കൂടുന്നതിനു കാരണമാകുന്നതായി കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗമായ ഡോ.ജലീല്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റം ജീവനക്കാരുടെ തലയില്‍ മാത്രം കെട്ടിവയ്ക്കരുത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ അധികൃതരാണ് ശ്രദ്ധചെലുത്തേണ്ടതെന്നു ചുരുക്കം.
അനാസ്ഥയുടെ ഇരകളായി ആദിവാസി കുരുന്നുകള്‍
നിലമ്പൂര്‍ ജില്ലാ ആശുപത്രി വെറും റഫറല്‍ ആശുപത്രിയായി മാറിയത് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഭരണത്തിനു കീഴിലായതോടെയാണെന്നാണ് ആക്ഷേപം.
ഒ.പി സമയത്ത് പോലും സ്വകാര്യപരിശോധന തുടരുന്ന ഡോക്ടര്‍മാര്‍ ഒ.പി സമയം കഴിയും മുമ്പേ മുങ്ങുന്നു. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികളുടേയും ബന്ധുക്കളുടെയും ബഹളം. ബഹളം വെക്കുന്നവര്‍ക്കെതിരെ കേസ്. ഇതൊക്കെയാണ് ഈ ആശുപത്രിയെക്കുറിച്ചുള്ള പരാതികള്‍. ഡോക്ടര്‍മാരുടെ പേര് വിവരം പുറത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്. വിരലിലെണ്ണാവുന്നവരേ അകത്തുണ്ടാവാറുള്ളൂ. ചില ഡോക്ടര്‍മാരുടെ പരിശോധനപോലും പ്രഹസനമാണെന്നും രോഗികള്‍ ആരോപിക്കുന്നു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ റസാക്കിന്റെ മരണത്തിലും അനാസ്ഥ ചര്‍ച്ചയായി. കാര്‍ഡിയോളജിസ്റ്റിന്റെ സേവനം പോലും രാത്രി ഒരുക്കിയില്ല. ശരിയായ ചികിത്സ ലഭിച്ചില്ല. ഇങ്ങനെയാണ് അദ്ദേഹം വിട പറഞ്ഞത്. പ്രതിഷേധം ശക്തമായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഹൃദയാഘാതത്തിന് ചികിത്സ തേടിയെത്തിയ കൂറ്റമ്പാറയിലെ യുവാവിന്റെ ഇ.സി.ജി കണ്ട് ഡ്യൂട്ടി ഡോക്ടര്‍ ഗ്യാസിന്റെ വേദനയാണെന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി, വേദന കൂടിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതേ ഇ.സി.ജി കണ്ട ഡോക്ടര്‍ ബന്ധുക്കളോട് ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. വഴി മധ്യേ ഇയാള്‍ മരിച്ചു.
അതേ സമയം വീട്ടില്‍ ഫീസുവാങ്ങി നടത്തുന്ന പരിശോധനയിലേ ഇവര്‍ കാര്യങ്ങള്‍ തുറന്നു പറയൂ. ഓരോ അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോഴും പ്രഹസന യോഗങ്ങള്‍ ചേരുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നു.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള നിലമ്പൂര്‍ മേഖലയില്‍ ചികിത്സ ലഭിക്കാതെ നിരവധി കുഞ്ഞുങ്ങളാണ് മരിച്ചുവീണത്.
പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജുവിന്റെയും സുനിതയുടെയും മൂന്ന് മാസം പ്രായമായ നവജാത ശിശു, മമ്പാട് എടക്കോട് കോളനിയിലെ പാലന്റെയും സീതയുടെയുടെയും മൂന്നര വയസുകാരി, അമരമ്പലം പുഞ്ച ആദിവാസി കോളനിയിലെ സോമന്റെ മകള്‍ രണ്ടുവയസുകാരിക്കുമാണ് അടുത്തിടെ ജീവന്‍ നഷ്ടപ്പെട്ടത്. രോഗാതുരമായ ഈ ആശുപത്രിയെ ആരു ചികിത്സിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."