50 ലക്ഷം രൂപ പിടികൂടിയ സംഭവം: ആരോപണങ്ങള്‍ നിഷേധിച്ച് പി.ടി തോമസ്
കൊച്ചി: കണക്കില്‍പ്പെടാത്ത 50 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി.ടി തോമസ് എം.എല്‍.എ. ഇടപ്പള്ളി പൊലിസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതിയായിരുന്ന കമ്മ്യൂണിസ്റ്റുകാരനായ ദിനേശന്റെ കുടുംബവുമായി ബന്ധപ്പെട്ട ഭൂമിതര്‍ക്കം പരിഹരിക്കാനാണ് പോയതെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നെന്നും പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിനേശന്റെ മകന്‍ രാജശേഖരന്‍ 2001-2006 കാലയളവില്‍ തന്റെ ഡ്രൈവറായിരുന്നു. ഇരുവരും ജീവിച്ചിരിപ്പില്ല.
സി.ഐ.ടി.യു നേതാവ് കെ.എന്‍ രവീന്ദ്രനാഥിന്റെ സഹോദരിയില്‍നിന്ന് കുടികിടപ്പ് കിട്ടിയ ഭൂമിയില്‍ 40 വര്‍ഷത്തോളമായി കഴിയുകയാണ് ഇവരുടെ കുടുംബം. രവീന്ദ്രനാഥിന്റെ സഹോദരിയില്‍നിന്ന് സ്ഥലം പിന്നീട് രാമകൃഷ്ണന്‍ എന്നയാള്‍ വാങ്ങിയതോടെ ദിനേശന്റെ കുടുംബത്തോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സി.പി.എം നേതാക്കള്‍ ഇടപെട്ടെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് തന്നെ ദിനേശന്റെ മറ്റൊരു മകന്‍ രാജീവന്‍ സമീപിച്ചത്.ഇതുപ്രകാരം ഒക്ടോബര്‍ രണ്ടിനു സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി 80 ലക്ഷം രൂപ നല്‍കിയാല്‍ ഒഴിയാമെന്ന് മുദ്രപത്രത്തില്‍ കരാറുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച അഞ്ചുമന ക്ഷേത്രത്തിനു സമീപമുള്ള രാജീവന്റെ വീട്ടിലെത്തിയത്. അവിടെനിന്ന് പുറത്തിറങ്ങി വാഹനത്തില്‍ കയറുമ്പോഴാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. താന്‍ ഓഫിസിലേക്ക് മടങ്ങുകയും ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് കയറുകയും ചെയ്തു. മറ്റു വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പി.ടി തോമസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."