പൊന്നാനി കര്‍മ റോഡ് പൂര്‍ണമായും തകര്‍ന്നു;
പൊന്നാനി: പൊന്നാനി ഭാരതപ്പുഴയുടെ തീരപ്രദേശത്തുകൂടി കോടികള്‍ മുടക്കി നിര്‍മിച്ച കര്‍മ്മ റോഡ് പൂര്‍ണമായും തകര്‍ന്നു. ചമ്രവട്ടം മുതല്‍ പൊന്നാനി വരെയുള്ള കര്‍മ്മ റോഡിന്റെ പല ഭാഗങ്ങളിലും പ്രളയത്തെ തുടര്‍ന്ന് ചെറിയ കേടുപാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രളയത്തില്‍ തകര്‍ന്ന കുറ്റിക്കാട് പാമ്പോടി ഭാഗത്താണ് ബലിതര്‍പ്പണക്കടവിനോട് ചേര്‍ന്ന് കര്‍മ്മ റോഡിന് വലിയ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. ഇത് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചില്ലെങ്കില്‍ റോഡ് കൂടുതല്‍ അപകടസാധ്യതയിലാവുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉദ്ഘാടനത്തിനായി മന്ത്രിയുടെ ഡേറ്റ് കാത്തിരിക്കുന്ന'കര്‍മ' പുഴയോരപാതയായിരുന്നു ഇത്. ഇനി ഉദ്ഘാടനത്തിന് റോഡ് രണ്ടാമതും നിര്‍മിക്കേണ്ടിവരും.
പ്രളയത്തിന് മുന്‍പ് തന്നെ തകര്‍ന്ന ഈ റോഡില്‍ നാട്ടുകാരുടെ കണ്ണില്‍പ്പൊടിയിടാന്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ തുടങ്ങിയിരുന്നു. ഭാരതപ്പുഴയോരത്ത് കൈലാസംകളം മുതല്‍ ചമ്രവട്ടം കടവ് വരെയാണ് കര്‍മ റോഡിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ കൂടുതല്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമായപ്പോള്‍ തന്നെ വിവിധയിടങ്ങളില്‍ റോഡ് വെള്ളക്കെട്ടിലായിരുന്നു.നിലവില്‍ ഈ റൂട്ടിലൂടെ ഗതാഗതം ആരംഭിച്ചിട്ടില്ല. ചമ്രവട്ടം കടവ് ഭാഗത്ത് റോഡ് അടച്ചിട്ടിരിക്കുകയാണ്.
പ്രദേശവാസികളുടെ വാഹനങ്ങളൊഴിച്ചാല്‍ വല്ലപ്പോഴും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതോടെ റോഡ് തകര്‍ന്നടിയുമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. കോടികള്‍ ചെലവഴിച്ച് യാഥാര്‍ഥ്യമാക്കിയ സ്വപ്ന പദ്ധതി മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. രണ്ടാംഘട്ടത്തില്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജില്‍നിന്ന് ഫിഷിങ് ഹാര്‍ബറിലേക്ക് ബന്ധിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറച്ച് പുഴയോര ഭംഗി ആസ്വദിച്ചുകൊണ്ടുള്ള സുന്ദരമായ യാത്ര നല്‍കാന്‍ ഈ റോഡ് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതോടെതന്നെ ചമ്രവട്ടം ജങ്ഷനും ചന്തപ്പടിയും തൊടാതെ യാത്രക്കാര്‍ക്ക് ചമ്രവട്ടം കടവില്‍നിന്ന് പൊന്നാനി അങ്ങാടിയിലേക്ക് എത്താന്‍ കഴിയും. പുഴയോടു ചേര്‍ന്ന് ആറുമീറ്റര്‍ വീതിയില്‍ മനോഹരമായ ടൂറിസം നടപ്പാതയും ഇതോടൊപ്പം യാഥാര്‍ഥ്യമാക്കുന്നുണ്ട്. എന്നാല്‍ നിര്‍മാണത്തിലെ അപാകതയാണ് റോഡിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."