നാലു വയസുകാരന്റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് ബന്ധുക്കള്‍
കോഴിക്കോട്: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ബന്ധുക്കള്‍. അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ജെല്ലി മിഠായി കഴിച്ചതല്ല മരണ കാരണമെന്ന വാദവും ബന്ധുക്കള്‍ തള്ളി. ഭക്ഷ്യ വിഷബാധക്ക് കാരണം ബന്ധുവീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണെങ്കില്‍ മറ്റുള്ളവര്‍ക്കും ബാധിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആന്തരികാവയവങ്ങളുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മരണ കാരണമെന്താണെന്ന് കണ്ടെത്താന്‍ കഴിയൂ. ഇതിനായുള്ള കാത്തിരിപ്പും തുടരുകയാണ്. അതേസമയം ആന്തരികാവയവങ്ങളുടെ ഫലം വരാന്‍ വൈകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടും ബന്ധുക്കള്‍ പങ്കുവച്ചു. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് അന്വേഷണ ചുമതലയുള്ള കസബാ പൊലിസ് അറിയിച്ചു.
പ്രാഥമിക പരിശോധനയില്‍ ശ്വാസകോശത്തിലും തലച്ചോറിലും നീര്‍ക്കെട്ടുണ്ടായതാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14നാണ് പാലോടയില്‍ ബഷീറിന്റെ മകന്‍ യൂസുഫലി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്തെ ബേക്കറിയില്‍ നിന്ന് യൂസുഫലിയും മാതാവ് സുഹറയും ജെല്ലി മിഠായി കഴിച്ചിരുന്നു. ഇതാണ് മരണ കാരണമെന്ന നിഗമനമാണ് ആദ്യമുണ്ടായിരുന്നത്. മാതാവ് സുഹറ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."