രജിസ്‌ട്രേഷന്‍ കഴിഞ്ഞു; പക്ഷേ ഓടാന്‍ റൂട്ടില്ല കെ.എസ്.ആര്‍.ടി.സി ബസുകള്‍ സുഖനിദ്രയില്‍
കോഴിക്കോട്: രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടും റൂട്ട് ലഭിക്കാതെ കെ.എസ്.ആര്‍.ടി.സി ബസുകള്‍. കോഴിക്കോട് വര്‍ക്‌ഷോപ്പില്‍ 17 ബസുകളാണ് റൂട്ടില്ലാതെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് അധികൃതരുടെ കനിവ് കാത്ത് കിടക്കുന്നത്. അനുദിനം നഷ്ടക്കണക്കുകളും സമരങ്ങളുമായി മുന്നോട്ടുപോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് അധികൃതരുടെ അനാസ്ഥ കാരണം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടും ബസുകള്‍ നിരത്തിലിറക്കാനായിട്ടില്ല. 2000 സി.സിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള ഹരിത ട്രിബ്യൂണല്‍ വിധി വന്നതിനേ തുടര്‍ന്ന് തിരക്കിട്ട് ഏപ്രില്‍ ഒന്നിന് മുന്‍പ് പ്രവൃത്തികള്‍ തീര്‍ത്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് വര്‍ക്‌ഷോപ്പുകളില്‍ ബസുകളുടെ ചേയ്‌സ് എത്തിയത്. മാസങ്ങളോളം ചേയ്‌സുകള്‍ വെയിലേറ്റ് കിടന്നതിനു ശേഷം പ്രവൃത്തികള്‍ ദ്രൂതഗതിയില്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ഈ ബസുകള്‍ക്ക് റൂട്ട് നല്‍കി ഇതുവരെ നിരത്തിലിറക്കാന്‍ സാധിച്ചിട്ടില്ല. ഇതിനായുള്ള നടപടികളും തഥൈവ. കോഴിക്കോട് സോണല്‍ ഓഫിസിന് കീഴിലുള്ള 17 ബസുകളാണ് ഇത്തരത്തില്‍ ഷെഡില്‍ സുഖനിദ്രയില്‍ കഴിയുന്നത്. ബസുകള്‍ നടക്കാവിലെ കെ.എസ്.ആര്‍.ടി.സി റീജ്യനല്‍ വര്‍ക്‌ഷോപ്പില്‍ ഇപ്പോള്‍ വെയിലും മഴയുമേറ്റ് കിടക്കുകയാണ്. ഇനി വര്‍ഷകാലം കൂടി എത്തുന്നതോടെ ബസുകള്‍ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് വ്യക്തതയില്ല. ഈ ബസുകള്‍ വര്‍ക്‌ഷോപ്പിലെ കൂടുതല്‍ സ്ഥലവും അപഹരിച്ചതിനാല്‍ നിന്നുതിരിയാന്‍ പോലും ജീവനക്കാര്‍ക്കിവിടെ സൗകര്യവുമില്ല.
ആവശ്യത്തിന് ഉപകരണങ്ങളോ ജീവനക്കാര്‍ക്ക് വേണ്ട മറ്റു സൗകര്യങ്ങളോ കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിനൊക്കെ പുറമേ സസ്പപെന്‍ഷന്‍ നടപടികളും വരുന്നുണ്ട്. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ചക്രമഴിക്കുന്ന സാങ്കേതികവിദ്യ ചെറുകിട വര്‍ക്‌ഷോപ്പില്‍ വരെയുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴും വലിയ സ്പാനറിന്റെ മുകളില്‍ കയറി നിന്ന് ചവിട്ടിത്താഴ്ത്തിയാണ് ഈ ജോലി ചെയ്യുന്നത്. ഇതിന് ഉപയോഗിക്കുന്ന സ്പാനറുകള്‍ തേഞ്ഞു പഴകിയിട്ടുമുണ്ട്.
ദിവസവും ബസുകള്‍ മെക്കാനിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് ഓട്ടത്തിന് പോകുന്നത്. എന്‍ജിന്‍ ഓയില്‍, സ്റ്റീയറിങ് ഓയില്‍, ജോയിന്റുകള്‍, ബ്രേക്ക് ലൈനര്‍ അടക്കം മുഴുവനും പരിശോധനയ്ക്കുമായി ഇവിടെയുള്ളത് ഏതാനും സ്പാനറുകളും സ്‌ക്രൂഡ്രൈവറും മാത്രമാണ്. ഏതെങ്കിലും സ്‌പെയര്‍പാര്‍ട്‌സ് ഇല്ലെങ്കില്‍ മറ്റു ബസുകളില്‍ നിന്ന് ഊരിയെടുത്താണ് ഫിറ്റ് ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."