നിയമപാലകരും ജുഡീഷ്യറിയും വർഗ്ഗീയ കോമരങ്ങൾക്ക് കുഴലൂത്ത് നടത്തുന്നു: ഐഎസ്എഫ്
ദമാം: രാജ്യത്തെ ജനങ്ങളുടെ കാവലാളുകളാകേണ്ട നിയമപാലകരും ജുഡീഷ്യറിയും വർഗ്ഗീയ കോമരങ്ങൾക്ക് കുഴലൂത്ത് നടത്തുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റഹീമ ബ്രാഞ്ച് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലേറിയ കാലം മുതൽ വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുന്നവർ ആരായാലും അവരെ ഒതുക്കുക എന്ന ലക്ഷ്യമാണുള്ളത്. ജീവന്റെയും മാനത്തിന്റെയും വിലയറിയാത്ത യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നും വരുന്ന വാർത്തകൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. യുപിയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സവർണ്ണർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും കൊലപാതകികൾക്കെതിരെയുള്ള സകല തെളിവുകളും നശിപ്പിക്കാൻ പോലീസ് കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നും യോഗം ആരോപിച്ചു.
റഹീമ ബ്രാഞ്ച് പ്രസിഡന്റ് ഇംതിയാസ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി മുനവ്വർ മലപ്പുറം, സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുൽത്താൻ അൻവരി കൊല്ലം, ഷാനവാസ് ശൂരനാട്, സിദ്ധീഖ് എടക്കാട് സംസാരിച്ചു. സൈഫുദ്ദീൻ കേച്ചേരി, സബീർ കൊല്ലം, സിദ്ധീഖ് മുവാറ്റുപുഴ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."