HOME
DETAILS
MAL
ബിഹാര്‍ തെരഞ്ഞെടുപ്പ് ലാലുവും പാസ്വാനുമില്ലാത്ത പ്രചാരണം!
backup
October 10 2020 | 04:10 AM
പാറ്റ്ന: ഈ മാസം അവസാനവും നവംബര്‍ ആദ്യവുമായി നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി. കാലങ്ങളായി ബിഹാര്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രണ്ടു നേതാക്കള്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിലില്ല. ആര്.ജെ.ഡിയുടെ ലാലുപ്രസാദ് യാദവും എല്‍.ജെ.പിയുടെ രാംവിലാസ് പാസ്വാനുമാണ് ആ പ്രമുഖര്‍. അഴിമതിക്കേസില്‍പെട്ട് രണ്ടു വര്‍ഷമായി ലാലു ജയിലിലാണ്. പാസ്വാന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
നാല്പതിലേറെ വര്‍ഷമായി ബിഹാര്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ലാലുപ്രസാദ് യാദവ് 2018ലാണ് ജയിലിടക്കപ്പെട്ടിരുന്നത്. കാലിത്തീറ്റ കുഭകോണ കേസില്‍ ഇന്നലെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും, വേറെ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയില്‍മോചിതനാകില്ല. ബിഹാറില്‍, പരസ്പരം മുന്നണിയായും എതിര്ചേരിയിലായും മത്സരിച്ചവരാണ് ലാലുവും പാസ്വാനും. അതേസമയം, രാംവിലാസ് പാസ്വാന്റെ നിര്യാണം കാരണമുണ്ടായേക്കാവുന്ന സഹതാപം എല്‍.ജെ.പി വോട്ടാക്കി മാറ്റുമെന്നുറപ്പാണ്.
എന്നാല്‍, ഇരുവരുടെയും മക്കള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ബിഹാറിലെ പ്രതിപക്ഷ മുന്നണിക്കും ആര്.ജെ.ഡിക്കും നേതൃത്വം നല്‍കുന്നത് ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവാണ്. കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും അദ്ദേഹമാണ്. പാസ്വാന്റെ എല്‍.ജെ.പിയെ നയിക്കുന്നത് മകന് ചിരാഗ് പാസ്വാനാണ്. കേന്ദ്രത്തില്‍ എന്‍.ഡി.എ സഖ്യത്തിനൊപ്പം നില്‍ക്കുമ്പോഴും ബിഹാറില്‍ ജെ.ഡി.യുവുമായി ഇടഞ്ഞ് സഖ്യം വിട്ട എല്‍.ജെ.പി, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ബി.ജെ.പിയുമായി തങ്ങള്‍ക്കൊരു പ്രശ്നവുമില്ലെന്ന് എല്‍.ജെ.പി നിരന്തരം വ്യക്തമാക്കിന്നതിലൂടെ, മുന്നണിയില്‍ ജെ.ഡി.യുവിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ എല്‍.ജെ.പിയെ മുന്നില്‍നിര്‍ത്തി ബി.ജെ.പി നീക്കം നടത്തുകയാണെന്ന ആരോപണവുമുണ്ട്. ഇതു ശരിവച്ച് നിരവധി ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം എല്‍.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."