നിരന്തരം അടിവാങ്ങിക്കൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ മോശക്കാരാക്കുന്നു: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കോടതിയില്‍ നിന്നുള്‍പ്പെടെ നിരന്തരം അടിയേല്‍ക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ കൂടി മോശക്കാരാക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തില്‍ നിരന്തരമായുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിന്റെ മുഖഛായയെപ്പോലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയായിരുന്ന ഖമറുന്നിസ അന്‍വറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായി കാണേണ്ടതില്ല.
മുഴുവന്‍ പോഷക സംഘടനകളുടെയും പുനഃസംഘടന നടക്കുകയാണ്. അതിന്റെ ഭാഗമായാണ് അവരെയും നീക്കിയത്. വിവാദ സംഭവത്തെത്തുടര്‍ന്ന് അവരോട് വിശദീകരണം ചോദിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് പുനഃസംഘടന നടത്തിയത്. അതൊരു സാധാരണ നടപടിക്രമം മാത്രമാണ്. ബി.ജെ.പിക്കെതിരായ ഉറച്ച നിലപാടില്‍ പാര്‍ട്ടിക്ക് ഒരു മാറ്റവുമില്ല. കെ.എം മാണിയുടെ തിരിച്ചുവരവ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മുന്നണിയാണ്. തങ്ങളുടെ നിലപാട് മുന്നണിക്ക് മുന്‍പാകെ ബോധ്യപ്പെടുത്തും.
വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ചതിനേക്കാള്‍ മിന്നുന്ന വിജയം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."