HOME
DETAILS
MAL
വാളയാറിലെ അമ്മ പറയുന്നു 'എന്റെ മകളെ ഏത് ശ്മശാനത്തില്‍ സംസ്‌കരിച്ചുവെന്നു പോലും അറിയില്ല'
backup
October 10 2020 | 04:10 AM
തിരുവനന്തപുരം: 'ഞങ്ങള്‍ക്ക് ആകെ മൂന്നര സെന്റ് സ്ഥലമേയുള്ളു... മൂത്തവള്‍ മരിച്ചപ്പോള്‍ എന്നാലും ദഹിപ്പിക്കാനൊന്നും കൊണ്ടുപോകണ്ട... ഇവിടെ സംസ്‌കരിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ട് അവര്‍ കേട്ടില്ല. ഞങ്ങളുടെ വാക്ക് ഒരാളും വിലക്കെടുത്തില്ല. ഞങ്ങളോട് ഒരു വാക്ക് ചോദിച്ചതുപോലുമില്ല... എന്റെ മകളെ ഏത് ശ്മശാനത്തേക്കാണ് കൊണ്ടുപോയതെന്നുപോലും ഞങ്ങള്‍ക്കറിയില്ല. ഇവിടെ സംസ്‌കരിച്ചാല്‍ കുട്ടികളൊക്കെ കണ്ടാല്‍ പേടിക്കുമെന്നാണ് എസ്.ഐ അന്ന് പറഞ്ഞു' ഇത് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മുഴങ്ങിയ ഒരമ്മയുടെ വിലാപമല്ല, ഇവിടെ കേരളത്തില്‍. വാളയാറിലെ ഇരട്ട പെണ്‍കുട്ടികളെ നഷ്ടപ്പെട്ട അമ്മയുടെ ദൈന്യതയുടെ നിലവിളിയാണ്.
'തെരുവില്‍ കിടന്ന് ചാവേണ്ടി വന്നാലും കുഴപ്പമില്ല... എന്റെ മക്കള്‍ക്ക് വേണ്ടി മരിക്കാനും തയാറാണ്. നീതി കിട്ടാതെ മടക്കമില്ല... ഇനിയൊരു കുടുംബത്തിനും ഈ ഗതി വരരുത്. മക്കളുടെ പേരില്‍ ഇനിയൊരു അച്ഛനും അമ്മയും തെരുവിലിരുന്നു കരയാന്‍ അവസരമുണ്ടാകരുത്..! വാളയാറില്‍ മരണശേഷവും നീതി നിഷേധിക്കപ്പെട്ട രണ്ടുപെണ്‍കുട്ടികളുടെ ആ അമ്മ പറഞ്ഞു. വാളയാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പൊലിസുകാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരേ സമരഭൂമിയിലാണ് ആ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇന്നലെ സെക്രട്ടേറിയറ്റിന് മുന്‍പിലെ സത്യഗ്രഹ പന്തലില്‍ നിന്നും ആ അമ്മ 'സുപ്രഭാത'ത്തോടെ മനസുതുറന്നു.
'പൊലിസ് കേസ് വഴിതിരിച്ചുവിടാന്‍ ആദ്യം മുതല്‍ തന്നെ ശ്രമിച്ചിരുന്നു. കേസിലെ ഒന്നാംപ്രതിയായ മധു 2016 മുതലേ മൂത്ത കുട്ടിയെ ഉപദ്രവിക്കുമായിരുന്നെന്ന് എസ്.ഐ ചാക്കോയോട് പറഞ്ഞിരുന്നു. ഇതൊന്നും പൊലിസ് അന്വേഷിച്ചില്ല. അവരെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ എന്റെ രണ്ടാമത്തെ കുട്ടി കൊല്ലപ്പെടില്ലായിരുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചെങ്കിലും ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു പൊലിസ് തന്നില്ല. മാര്‍ച്ച് നാലിന് ഞാന്‍ പണിക്കുപോയി വരുമ്പോള്‍ മകളിങ്ങനെ കട്ടിലിനോട് ചേര്‍ന്നുള്ള തൂണില്‍ ചാരി നില്‍ക്കുന്നതാണ് കണ്ടത്. തറയില്‍ നില്‍ക്കുന്നുണ്ട്. ലൈറ്റിട്ടപ്പോഴാണ് കഴുത്തില്‍ മുണ്ടിട്ട് കുരുക്കിയിട്ടുണ്ട്. ഭര്‍ത്താവ് കുട്ടിയെ പിടിച്ചതും കെട്ടഴിഞ്ഞ് കുട്ടി തോളിലേക്ക് വീണു... തൂങ്ങി മരണമാണെങ്കില്‍ അങ്ങനെ കെട്ടഴിഞ്ഞു വീഴുമോ? ഞങ്ങള്‍ വരുന്നത് കണ്ട് കൊലയാളികള്‍ രക്ഷപെട്ടതല്ലേ?'. ആ അമ്മ വിതുമ്പി.
'പ്രതികളെ കോടതി വെറുതേ വിട്ടപ്പോള്‍ പരാതിയില്‍ ആവശ്യപ്പെട്ടതുപോലെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ നടപടിയെടുക്കും എന്നൊക്കെ മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. പുനരന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഡിവൈ.എസ്.പി സോജന് പ്രമോഷന്‍ കൊടുത്തെന്നറിഞ്ഞപ്പോഴാണ് ഞങ്ങള്‍ ചതിക്കപ്പെട്ടെന്ന് അറിഞ്ഞത്. അതുകൊണ്ടാണ് നേരിട്ട് തെരുവിലിറങ്ങാന്‍ തീരുമാനിച്ചത്. പുന്നല ശ്രീകുമാര്‍ ശ്രമിച്ചിരുന്നെങ്കില്‍ സോജന്റെ പ്രമോഷന്‍ തടയാമായിരുന്നു. എന്റെ രണ്ടു മക്കളുടെയും ജീവന്‍ വച്ച് വിലപേശുകയായിരുന്നു അവര്‍. സംഘടനയും ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി ചതിക്കുകയായിരുന്നെന്നും ആ അമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."