ഇന്ന് ലോക മാനസികാരോഗ്യദിനം; കൊവിഡിനിടെ സാന്ത്വനം ലഭിച്ചത് 36 ലക്ഷം താളംതെറ്റിയ മനസുകള്‍ക്ക്
തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനമൊട്ടാകെ ഇതുവരെ 36,46,315 സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ലോക്ക്ഡൗണ്‍ സമയത്ത് മാനസികാരോഗ്യ ചികിത്സയില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷി കുട്ടികള്‍, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ എന്നിങ്ങനെ ഇതുവരെ 3,48,860 പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കി. കൊവിഡ് രോഗ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള ടെലി കൗണ്‍സിലിങ്ങ് വഴി ഇതുവരെ 60,515 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സേവനം നല്‍കിയത്. സ്‌കൂള്‍ കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നല്‍കുന്ന സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിങ്ങ് കോളുകള്‍ വഴി 3,55,884 കുട്ടികളെ വിളിക്കുകയും 35,523 കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു.
മാനസികാരോഗ്യ സംരക്ഷണത്തിനായി 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കുകയും 272 മാനസികാരോഗ്യ ക്ലിനിക്കുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. സമ്പൂര്‍ണ മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ ഇതുവരെ 24,964 പേരെ പുതുതായി കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ കാംപയിന്‍ 'ജീവരക്ഷ' മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."