കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിട്ടുനില്‍ക്കും ജയം ഉറപ്പിച്ച് എല്‍.ഡി.എഫ്
കോട്ടയം: ഇന്നു നടക്കുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കും. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം അംഗങ്ങള്‍ക്ക് ഡി.സി.സി നേതൃത്വം നല്കി.
ഇതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫ് ഉറപ്പിച്ചു. മാണി ഗ്രൂപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത്. കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും സ്വതന്ത്രനും ചേര്‍ന്നാണ് ഇവിടെ ഭരണം നടത്തിയിരുന്നത്.
13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ്- ആറ്, കേരളാ കോണ്‍ഗ്രസ്-4, കോണ്‍ഗ്രസ്-2, സ്വതന്ത്രന് -1 എന്നിങ്ങനെയാണ് കക്ഷിനില. കേരളാ കോണ്‍ഗ്രസിന്റെ ഒരംഗം ഇടതുപക്ഷത്തിലേക്ക് ചേക്കേറിയിരുന്നു. ഈ അംഗത്തിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം ഇന്ന് മത്സരിക്കുക.
കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് സി.പി.എം. കൂടെനിന്ന് വഞ്ചിക്കുന്നവര്ക്കൊപ്പം ഇനിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍. പക്ഷേ, കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന നിലപാട് മാണി വിഭാഗം സ്വീകരിച്ചിട്ടില്ല.
കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ഭരണം നടക്കുന്നതിനിടയിലാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കേരളാ കോണ്‍ഗ്രസ് വനിതാ അംഗം പിന്തുണച്ചതും സ്വന്തം പാര്‍ട്ടിയിലെ പ്രസിഡന്റിനെ താഴെയിറക്കിയതും.
കേരളാകോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലൂസമ്മ ജെയിംസിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം കെ.എ തോമസിനെയുമാണ് മത്സരിപ്പിക്കുക. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികളെ ഇന്ന് നിശ്ചയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."