ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാരുടെ ആശുപത്രിവാസം കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്
തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാരുടെ ആശുപത്രിവാസത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു.
ശിക്ഷിക്കപ്പെട്ട ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. വി.കെ രാജന്‍, മുന്‍ ഡി.എം.ഒ ഡോ. കെ ഷൈലജ, ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച വഞ്ചിയൂര്‍ എസ്.ഐ അശോക് കുമാര്‍, തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ പ്രിയങ്ക, തിരുവനന്തപുരം മെഡി. കോളജ് സൂപ്രണ്ട് ഡോ. ഷര്‍മത്ത്, ഡോ. രാജശേഖരന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് ജഡ്ജി എ ബദറുദ്ദീന്‍ ഉത്തരവിട്ടത്.
കുറ്റക്കാര്‍ക്കെതിരേ ഗൂഢാലോചന, പാരിതോഷികം കൈപ്പറ്റല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. ഇരുവരെയും അനധികൃതമായാണോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പ്രതികളും മറ്റുള്ളവരും നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഈ മാസം രണ്ടിനാണ് ഡോ. വി.കെ രാജനെയും കെ ഷൈലജയെയും അഞ്ചുവര്‍ഷം കഠിനതടവിനും 50 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. കോടതി വിധി വന്നതോടെ ഇരുവരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും ഇവരെ മാറ്റി. സംഭവം ശ്രദ്ധയില്‍പ്പെട്ട കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ആര്‍ സുകേശനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറായിരുന്ന പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് ജയില്‍വാസം ഒഴിവാക്കാന്‍ ശ്രമിച്ചതായി സംശയമുണ്ടെന്നായിരുന്നു സുകേശന്‍ കോടതിയെ അറിയിച്ചത്.
സുകേശന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, സംഭവത്തില്‍ അതൃപ്തി അറിയിച്ചു. നീതിന്യായ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് ഇങ്ങനെയെങ്കില്‍ കോടതി എന്തിനെന്നും പൂട്ടിപ്പോകുമല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ ശാരീരികനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
കൂടാതെ ഫോര്‍ട്ട് ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടവരെ കോടതി ഇടപെട്ട് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേസ് ജൂണ്‍ ആറിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."