പറവൂരില്‍ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും തടയാന്‍ തീരുമാനം
പറവൂര്‍: പറവൂരിലും സമീപ പ്രദേശങ്ങളിലും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അമിതവേഗവും മത്സരയോട്ടവും ഓവര്‍ടേക്കിങ്ങും കര്‍ശനമായി തടയാന്‍ തീരുമാനം.
ദേശീയപാത 17ല്‍ പറവൂര്‍വരാപ്പുഴ റോഡില്‍ വള്ളുവള്ളിയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് റോഡില്‍ തെറിച്ചു വീണ യുവാവ് ചരക്കുലോറി കയറി മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പറവൂര്‍ വൈറ്റില ബസ്സുകളുടെ ഓട്ട സമയം പുനഃക്രമീകരിക്കും.
റോഡിലൂടെ നിരന്തരം യാത്ര ചെയ്യുന്ന ഇരുചക്രവാഹനക്കാര്‍ക്കു വേണ്ടി ബോധവത്കരണ പരിപാടി നടത്തും. സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യും. സര്‍വീസ് സമയം വൈകിയെന്ന് പറഞ്ഞ് ബസ് വേഗത കൂട്ടി ഓടാന്‍ അനുവദിക്കില്ല.
സ്ഥിരമായി നിയമം വിട്ട് സര്‍വീസ് നടത്തുന്നു എന്ന് വ്യാപക പരാതി ഉയര്‍ന്ന ബസ്സുകളെ സ്ഥിരമായി നിരീക്ഷിക്കും. ബസ് ജീവനക്കാര്‍ മൊബൈലിലൂടെ തൊട്ടു മുന്നിലോ പിന്നിലോ ഉള്ള ബസ്സുകള്‍ എവിടെയെത്തി എന്ന് അന്വേഷിച്ച് ഓട്ടത്തിന്റെ വേഗത കൂട്ടി റോഡില്‍ അപകടാവസ്ഥ സൃഷ്ടിക്കുന്നതിന് എതിരെ കര്‍ശന നടപടി ഉണ്ടാകും. സ്വകാര്യ ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും ഓട്ടം പരിശോധിക്കാനും റോഡ് സുരക്ഷയ്ക്കുമായി മോണിട്ടറിങ് കമ്മിറ്റിയെ നിയോഗിക്കും. യോഗത്തില്‍ സി.ഐ, എസ്.ഐ, ജോയിന്റ് ആര്‍.ടി.ഒ, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, ബസ് ഉടമ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."