ബി.ജെ.പിക്കെതിരേ തൃണമൂലുമായി സഹകരിക്കണമെന്ന് സി.പി.എം നേതാവ്
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഗൗതം ദേവ് . കഴിഞ്ഞവര്‍ഷം നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ തൃണമൂലിനും ബി.ജെ.പിക്കുമെതിരേ കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിച്ചതിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കും മുന്‍പാണ് ബദ്ധവൈരികള്‍ക്കൊപ്പം ചേര്‍ന്ന് ബി.ജെ.പിയെ നേരിടണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നിരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഗൗതം ദേവാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ബംഗാളില്‍ ബി.ജെ.പി നിലയുറപ്പിക്കാതിരിക്കാന്‍ തൃണമൂലുമായി സഹകരിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ബംഗാളില്‍ ബി.ജെ.പി ശക്തിപ്പെട്ടാല്‍ സംസ്ഥാനത്തെ ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടി. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമതയും കൂടെയുണ്ടാകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ സത്യസന്ധമായി മമതാ ബാനര്‍ജി നിലകൊള്ളുകയാണെങ്കില്‍ പാര്‍ട്ടി അവര്‍ക്കൊപ്പം നില്‍ക്കണം. ബി.ജെ.പിക്ക് ബംഗാളില്‍ ഒരു സീറ്റ് പോലും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവര്‍ക്കെതിരേ എല്ലാ ജനാധിപത്യ- മതേതരകക്ഷികളും ഒന്നിക്കണമെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം. ഇതിന് തൃണമൂലിന്റെ സാന്നിധ്യവും അനിവാര്യമാണ്. നിലവില്‍ രാജ്യത്തിനും പശ്ചിമബംഗാളിനും ഏറ്റവും അപകടം ബി.ജെ.പിയാണ്- അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബംഗാളിലെ മിക്ക സംസ്ഥാന കമ്മിറ്റിയംഗങ്ങളും ദേവിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം മുതിര്‍ന്ന സംസ്ഥാന കമ്മിറ്റിയംഗം വെളിപ്പെടുത്തുകയുംചെയ്തു. അതേസമയം, ഗൗതം ദേവിന്റെ പ്രസ്താവനയോടു പ്രതികരിക്കാന്‍ തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി തയാറായില്ല.
നന്ദിഗ്രാം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് സി.പി.എമ്മിന് തിരിച്ചടി നല്കി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ തകര്‍ച്ച പൂര്‍ണമാക്കി തൃണമൂല്‍ ഭരണത്തുടര്‍ച്ച നേടുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച കോണ്‍ഗ്രസുമായുള്ള സഖ്യ പരീക്ഷണം തുടരണമെന്നുള്ള ആവശ്യം കേന്ദ്രനേതൃത്വം ത്ള്ളിയെങ്കിലും സംസ്ഥാന ഘടകം ഇപ്പോഴും അതില്‍ ഉറച്ചുതന്നെയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി, ബംഗാള്‍ ഘടകത്തിന്റെ നിലപാടിനൊപ്പമാണെങ്കിലും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം നേതാക്കള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.
ഈ സാഹചര്യത്തിലാണ് ഒരു പടികൂടി കടന്ന് തൃണമൂലുമായി സഖ്യമാകാമെന്ന നിലപാട് കേന്ദ്ര കമ്മിറ്റി അംഗം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."