ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തെ നടപ്പാത നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ തകര്‍ന്നു
മട്ടാഞ്ചേരി: പ്രമുഖ ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് നടപ്പാതയുടെ പണി പൂര്‍ത്തിയാകും മുമ്പേ തകര്‍ന്ന നിലയില്‍. തേക്കേ കടപ്പുറത്ത് ടൂറിസം ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മിക്കുന്ന നടപ്പാതയാണ് തകര്‍ന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.
നിര്‍മാണം നടക്കുന്ന വേളയില്‍ തന്നെ നാട്ടുകാര്‍ അപാകത ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും ഗൗനിക്കാതെ കരാറുകാരന്‍ മുന്നോട്ട് പോയതാണ് നടപ്പാത തകരാന്‍ ഇടയാക്കിയത്. ഇത് സംബന്ധിച്ച് ടൂറിസം വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എസ്റ്റിമേറ്റ് പ്രകാരമല്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നടപ്പാത നിര്‍മിക്കുമ്പോള്‍ വലിപ്പമുള്ള കരിങ്കല്‍ കൊണ്ട് അടിത്തറ ബലപ്പെടുത്തേണ്ടതിന് പകരം ചെറിയ കരിങ്കല്‍ ഉപയോഗിച്ചതായും മുന്‍ കൗണ്‍സിലര്‍ ആന്റണി കുരീത്തറ ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന് നല്‍കിയ പരാതിയില്‍ പറയുന്നു. നടപ്പാതയുടെ അകത്ത് ചെങ്കല്‍പ്പൊടി പേരിന് മാത്രം ഇട്ട് ബാക്കി കടപ്പുറത്ത് മണ്ണ് ഉപയോഗിച്ചതായും ആക്ഷേപമുണ്ട്.
കടപ്പുറത്തെ പുലിമുട്ടിന് മീതെ ടൈല്‍ വിരിച്ചെങ്കിലും അടിഭാഗം തകര്‍ന്നത് ബലപ്പെടുത്താന്‍ നടപടിയുണ്ടായില്ല. ഇതുമൂലം ടൈല്‍ വിരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുലിമുട്ടിന്റെ മധ്യഭാഗം ഇടിഞ്ഞ് വീഴുന്ന സാഹചര്യവുമുണ്ടായി.
പൊലിസ് ഇടപെട്ട് പുലിമുട്ട് അപകടാവസ്ഥയിലാണെന്ന് ബോര്‍ഡും സ്ഥാപിച്ചു. ഫോര്‍ട്ട്‌കൊച്ചി ടൂറിസം മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍ വിദഗ്ധ അഭിപ്രായം തേടാതെ തോന്നിയ പോലെ ചെയ്യുന്നതാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി മൈതാനം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷം പിന്നിട്ടെങ്കിലും എവിടെയും എത്താത്ത അവസ്ഥയാണ്. ഇത് മൂലം കായിക പ്രേമികളും നിരാശയിലാണ്. ദിവസേനയുള്ള പരീശീലനവും നിര്‍ത്തി വെച്ചിരിക്കുകയാണ്. ടൂറിസം മേഖലയിലെ നിര്‍മാണ ജോലികളില്‍ വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്നും ഇതും അന്വേഷണ വിധേയമാക്കണമെന്നും ആന്റണി കുരീത്തറ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."